‘ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സഹോദരി, ലവ് യു ഭായ്’; സല്ലുവിന് നന്ദി പറഞ്ഞ് സഹോദരി അര്‍പിത

താന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സഹോദരിയെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത. ഇത്രയധികം സ്‌നേഹിക്കുന്ന സഹോദരന്മാരെ കിട്ടിയ താന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യമുളള സഹോദരിയാണെന്ന് പറഞ്ഞുകൊണ്ട് സഹോദരന്മാരായ സല്‍മാന്‍ ഖാന്‍, അര്‍ബാസ്, സൊഹൈല്‍ എന്നിവരോടുള്ള സ്‌നേഹം പങ്കുവെക്കുകയാണ് അര്‍പിത.

തീരെ കുട്ടിയായിരിക്കുമ്പോള്‍ സല്‍മാന്‍ ഖാന്റെ കുടുംബം ദത്തെടുത്തതാണ് അര്‍പിതയെ. സഹോദരന്മാരും അര്‍പിതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുളളതിനാല്‍ സഹോദരന്മാര്‍ക്ക് അര്‍പിതയോട് സ്‌നേഹക്കൂടുതല്‍ ഉണ്ട്. സല്‍മാന്‍ ഖാനോടുള്ള അടുപ്പമാണ് അര്‍പിത എപ്പോഴും എടുത്തു പറയാറുള്ളത്.

2014 ല്‍ നടന്ന അര്‍പിതയുടെ വിവാഹം സഹോദരന്മാര്‍ ആഘോഷമാക്കിയിരുന്നു. ബോളിവുഡിനെ ഞെട്ടിക്കുന്ന വിവാഹമായിരുന്നു ഖാന്‍മാര്‍ അര്‍പിതക്കായി ഒരുക്കിയിരുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസ്സ്മാന്‍ ആയുഷ് ശര്‍മ്മയാണ് അര്‍പിതയെ വിവാഹം കഴിച്ചത്.

രക്ഷാബന്ധന്‍ ദിനത്തില്‍ തന്റെ സഹോദരന്മാര്‍ക്ക് സ്‌നേഹമറിയിച്ചുകൊണ്ടുള്ള അര്‍പിതയുടെ ആശംസ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും തന്റെ പ്രിയ സഹോദരന്‍ സല്‍മാന് അറിയിച്ചു കൊണ്ട്  തന്റെ ഒരു വയസ്സുകാരനായ മകനൊപ്പം സല്‍മാന്‍ ഖാന്‍ കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അര്‍പിത.

പാട്ടു മൂളിക്കൊണ്ട് അമ്മാവനും മോനും കളിക്കുന്ന വീഡിയോയ്ക്ക് അടിക്കുറിപ്പായി ‘കെയറിംഗ് ആയ, ലവിങ് ആയ, ഒരുപാട് സ്‌നേഹിക്കുന്ന സഹോദരനെ കിട്ടിയ ഞാനായിരിക്കും ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സഹോദരി’ എന്നും അര്‍പിത കുറിച്ചിട്ടുണ്ട്. മറ്റൊരു സഹോദരനായ സൊഹൈല്‍ ഖാനൊപ്പമുള്ള പഴയകാല ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

DONT MISS
Top