‘ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കുംഭകോണം’;500, 2000 നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി കപില്‍ സിബല്‍ രാജ്യസഭയില്‍

കപില്‍ സിബല്‍

ദില്ലി: റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപ നോട്ടുകള്‍ വിവിധ വലുപ്പത്തിലും, ഡിസൈനിലും ഉള്ളതാണെന്നാരോപിച്ച് പ്രതിപക്ഷം നടത്തിയ ബഹളത്തില്‍ രാജ്യസഭാ നടപടികള്‍ തടസ്സപെട്ടു. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വല്യ കുംഭകോണം ആണിത് എന്ന് പ്രതിപക്ഷം ആരോപിച്ചു. നോട്ടില്‍ ഒന്ന് പാര്‍ട്ടിക്കും, മറ്റൊന്ന് ജനങ്ങള്‍ക്കും വേണ്ടി ഉള്ളതാണ് എന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു. എന്നാല്‍ അസംബന്ധം ആയ ആരോപണം ആണ് പ്രതിപക്ഷം ഉന്നയിക്കുന്നത് എന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി അഭിപ്രായപ്പെട്ടു.

രാജ്യസഭയില്‍ ശൂന്യവേളയില്‍ കപില്‍ സിബലാണ് സര്‍ക്കാരിന് എതിരായ ആരോപണം ഉന്നയിച്ചത്. നോട്ട് അസാധു ആക്കല്‍ എന്തിനാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന് താന്‍ വെളിപെടുത്താമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കപില്‍ സിബല്‍ തുടങ്ങിയത്. ആര്‍ബിഐ രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിര്‍മിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ആരാഞ്ഞു. നോട്ടില്‍ ഒന്ന് പാര്‍ട്ടിക്കും, മറ്റൊന്ന് ജനങ്ങള്‍ക്കും വേണ്ടി ഉള്ളതാണ് എന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു.

തങ്ങള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും, അന്ന് ഒന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല എന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. രണ്ട് വ്യത്യസ്ഥ തരത്തില്‍ ഉള്ള നോട്ടുകള്‍ കപില്‍ സിബല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ വല്യ കോഴ ഉണ്ടെന്നും, നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ അഴിമതി ആണിതെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

എന്നാല്‍ രാജ്യസഭയുടെ ശൂന്യ വേള ദുരുപയോഗം ചെയ്ത് കോണ്‍ഗ്രസ് നിരുത്തരവാദിത്തപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി ആരോപിച്ചു. ഗുരുതരമായ വിഷയമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയ്ന്‍ ചൂണ്ടിക്കാട്ടി. ഒബ്രിയയാനും വിവിധ വലുപ്പത്തില്‍ ഉള്ള നോട്ടുകള്‍ സഭയില്‍ ഉയര്‍ത്തി കാട്ടി. ജെഡിയു നേതാവ് ശരദ് യാദവും കപില്‍ സിബലിനെ പിന്തുണച്ച് സംസാരിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷം നടത്തിയ ബഹളത്തില്‍ സഭാ നടപടികള്‍ തടസ്സപെട്ടു.

DONT MISS
Top