പാലക്കാട്ട് ജനവാസമേഖലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി; ആശങ്കയോടെ പ്രദേശവാസികള്‍ (വീഡിയോ)

പാലക്കാട്: പാലക്കാട് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ കഴിയാതെ വനം വകുപ്പും നാട്ടുകാരും വലഞ്ഞു. കോട്ടായി, മാങ്കുറുശ്ശി മേഖലകളിലാണ് മൂന്നു കാട്ടാനകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം മുണ്ടൂര്‍, മാങ്കുറിശ്ശി മേഖലകളില്‍ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് ഇപ്പോള്‍ കോട്ടായി ഭാഗത്ത് ഭീതി പരത്തി നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടുത്തെ വീടുകള്‍ക്ക് മുന്‍പിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും കാട്ടാനക്കൂട്ടം ഇറങ്ങി നടക്കുന്നതിനാല്‍ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. അപകട ഭീഷണി കണക്കിലെടുത്ത് കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പരുത്തിപ്പുള്ളി ബെമ്മണ്ണൂര്‍ ഹൈസ്‌കൂളിന് സമീപം കാട്ടാനയിറങ്ങിയിരുന്നു.

ഇവയെ ഓടിക്കാന്‍ ദിവസങ്ങളായി രാവും പകലുമില്ലാതെ വനം വകുപ്പും നാട്ടുകാരും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളില്‍ തന്നെ കാട്ടാനക്കൂട്ടം തുടരുകയാണ്. മൂന്നാനകള്‍ ഉള്ളതിനാല്‍ മയക്കുവെടിവെച്ച് കാട്ടിലേക്ക് മാറ്റുക പ്രായോഗികമല്ലെന്നാണ് വനം വകുപ്പിന്റെ വാദം. അതു കൊണ്ടു സാവകാശം വേണമെന്നും ഇവര്‍ പറയുന്നു. കാട്ടാനക്കൂട്ടത്തെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് വനം വകുപ്പിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും സജീവമായി രംഗത്തുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും കാട്ടാനക്കൂട്ടത്തെ മാറ്റാന്‍ വനം വകുപ്പ് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

DONT MISS
Top