അരുണ്‍ ജയ്റ്റ്‌ലിയുടെ സന്ദര്‍ശനം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എന്നതിന്റെ തെളിവാണ് കോടിയേരിയുടെ ഭള്ളുപറച്ചില്‍: കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ (ഫയല്‍)

കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സന്ദര്‍ശനം സിപിഐഎമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കി എന്നുള്ളതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരെയുള്ള കോടിയേരിയുടെ ഭള്ളുപറച്ചിലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ചില മാധ്യമങ്ങള്‍ക്കും അതത്ര പിടിച്ചിട്ടില്ല. അതിനുകാരണം തങ്ങള്‍ അവഗണിച്ചുവിട്ട വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തതിന്റെ ജാള്യതയാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജവാന്‍മാരെയോര്‍ത്ത് മുതലക്കണ്ണീരൊഴുക്കുന്ന ഇതേ കോടിയേരി തന്നെയാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കാശ്മീരിലെ ജവാന്‍മാരെ ബലാല്‍സംഗവീരന്മാരെന്നും അക്രമികളെന്നും പറഞ്ഞ് ആക്ഷേപിച്ചതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

സിപിഐഎമ്മുകാരെക്കാണാന്‍ ജയ്റ്റലി പോയില്ലത്രേ. സ്വന്തം മണ്ഡലത്തില്‍ ധര്‍മ്മടത്തു നാല് ബിജെപിക്കാര്‍ കൊലചെയ്യപ്പെട്ടിട്ട് പിണറായി വിജയന്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടുണ്ടോയെന്നും, സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ രാജേഷ് എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടിട്ട് പിണറായി അവിടെവരെ പോയോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഉണ്ടാക്കിയ ബോംബുനാടകം കാണാന്‍ കോഴിക്കോട്ട് പറന്നെത്തിയ മുഖ്യന്‍ ബി. ജെ. പി സംസ്ഥാനകമ്മിററി ഓഫീസ് തകര്‍ത്തിട്ട് അവിടെ എന്തേ പോയില്ല? ചോദ്യങ്ങള്‍ ഇനിയും ഒരുപാടുണ്ട്. ഒരു മന്ത്രി വന്നപ്പോഴേ ഇതാണ് സ്ഥിതിയെങ്കില്‍ ഇനി അമിത് ഷായും ആദിത്യനാഥുമൊക്കെ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരിഹാരം ഒന്നേയുള്ളൂ സര്‍വകക്ഷിയോഗം കൈക്കൊണ്ട തീരുമാനം അംഗീകരിച്ച് മര്യാദക്കു ഭരണം നടത്തുക. ജീവിക്കുക ജീവിക്കാനനുവദിക്കുക. ഞങ്ങളും മനുഷ്യരാണ്. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനാണ് കഴിഞ്ഞദിവസം ജെയ്റ്റ്‌ലി തലസ്ഥാനത്ത് എത്തിയത്. ജില്ലയില്‍ സിപിഐഎം ബിജെപി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചിരുന്നു.
രാജേഷ് അനുസ്മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ജെയ്റ്റ്‌ലി കേരളത്തിലെ സംഭവങ്ങളില്‍ ബിജെപി ദേശീയ നേത്യത്വത്തിന്റെ നിലപാടുകൂടിയാണ് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരം കേരളത്തിലെത്തിയ കേന്ദ്രജെയ്റ്റ്‌ലി യോഗത്തില്‍ ഉടനീളം കടുത്ത ഭാഷയില്‍ തന്നെ രാഷ്ട്രീയം പറയുകയും ചെയ്തു.

DONT MISS
Top