സ്‌കൂള്‍ കലോത്സവം ഇനി മുതല്‍ അവധിക്കാലത്ത്; അധ്യയന ദിവസങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം

തിരുവനന്തപുരം: അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. ജനുവരി രണ്ടാംവാരം മുതലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം സാധാരണ നടത്താറുള്ളത്. എന്നാല്‍ അധ്യയന ദിവസമായാണ് കണക്കാക്കുന്നതെങ്കിലും ഈ ദിവസങ്ങളില്‍ സാധാരണ ക്ലാസ് നടക്കാറില്ല. ഇത് ഒഴിവാക്കാനാണ് ഇത്തവണ അവധിക്കാലത്ത് കലോത്സവം നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രാദേശിക അവധികള്‍ക്കൊപ്പം മറ്റ് പല കാരണങ്ങള്‍ കൊണ്ടും അധ്യയന ദിവസങ്ങളുടെ നല്ലൊരു ഭാഗം നഷ്ടപ്പെടാറുണ്ട്. 200 പ്രവൃത്തി ദിനമാണ് ലക്ഷ്യമിടുനന്തെങ്കിലും പലവിധ അവധികള്‍ വരുന്നതിനാല്‍ ഇതില്‍ അറുപതോളം ദിവസങ്ങളില്‍ ക്ലാസെടുക്കാന്‍ കഴിയാറില്ല. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് അവധിക്കാലത്ത് കലോത്സവം നടത്താമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

തൃശ്ശൂരാണ് ഇത്തവണ കലാമേള നടക്കുന്നത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ കലോത്സവം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷയ്ക്ക മുന്‍പ് നടത്താമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങള്‍ മേളദിനങ്ങളാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് അധ്യാപക സംഘടനകള്‍ പ്രതികരിച്ചിട്ടുണ്ട്. മേളകള്‍ പഠനത്തിന്റെ ഭാഗമാണെന്നും ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണെന്നും അധ്യാപക സംഘടനകള്‍ പറയുന്നു.

DONT MISS
Top