വിടവാങ്ങലില്‍ ബോള്‍ട്ടിന് കാലിടറി; 100 മീറ്ററില്‍ വെങ്കലവുമായി സ്പ്രിന്റ് രാജാവിന്റെ പടിയിറക്കം

ലണ്ടന്‍: ട്രാക്കിലെ 100 മീറ്റര്‍ ദൂരത്തെ പത്ത് സെക്കന്റില്‍ താഴെ സമയംകൊണ്ട് അളന്ന് നെഞ്ച് വിരിച്ച് നിന്നിരുന്ന സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങല്‍ പോരില്‍ മൂന്നാം സ്ഥാനത്തോടെ മടക്കം. തന്റെ അവസാന മത്സരത്തിന് ലണ്ടന്‍ ലോക അത് ലറ്റിക് മീറ്റിലില്‍ ഇറങ്ങിയ ബോള്‍ട്ടിന് എന്തുകൊണ്ടോ കാല്‍പ്പാദങ്ങള്‍ കൂട്ടുനിന്നില്ല. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളി നേടി.

9.92 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഗാറ്റ്‌ലിന്‍ ബോള്‍ട്ടിന്റെ സ്വര്‍ണമെന്ന മോഹം അസ്ഥാനത്താക്കിയത്. കോള്‍മാന്‍ 9.94 സെക്കന്റില്‍ ഓടിയെത്തിയപ്പോള്‍ വെള്ളിയും ബോള്‍ട്ടിനെ വിട്ടകന്നു. 9.95 സെക്കന്റില്‍ തന്റെ അവസാന 100 മീറ്റര്‍ മത്സരം അവസാനിപ്പിച്ച ബോള്‍ട്ട് വെങ്കലത്തിളക്കത്തില്‍ ട്രാക്ക് വിട്ടു.


ഒരു പതിറ്റാണ്ടിലേറെ ട്രാക്കില്‍ മിന്നല്‍പ്പിണര്‍ പോലെ നിറഞ്ഞുനിന്ന താരത്തിന്റെ വിടവാങ്ങല്‍ വെങ്കലത്തിലൊതുങ്ങിയത് ആരാധാകരെ ഈറനണിയിച്ചു. ഇനി ഈ വേഗപ്പെരുക്കം ട്രാക്കില്‍ ആസ്വദിക്കാനാകില്ലെന്ന തിരിച്ചറിവും ഈ കണ്ണുനീര്‍ത്തുള്ളികള്‍ക്ക് പിന്നിലുണ്ടായിരിക്കാം.

നേരത്തെ നടന്ന യോഗ്യതാ റൗണ്ടിലും സെമിയിലും തന്റെ മികച്ച പ്രകടനം നടത്താന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നില്ല. ഹീറ്റ്‌സില്‍ 10.09 സെക്കന്റിലും സെമിയില്‍ 9.98 സെക്കന്റിലുമായിരുന്നു ബോള്‍ട്ട് ഫിനിഷ് ചെയ്തത്. എന്നാല്‍ പതിവുപോലെ ഫൈനലില്‍ ഒന്നാമതെത്തുന്ന ശീലം ബോള്‍ട്ട് ഇവിടെയും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബോള്‍ട്ട് ആരാധകര്‍. എന്നാല് ഗാറ്റ്‌ലിന്റെ കാല്‍വേഗങ്ങളില്‍ ആ പ്രതീക്ഷകള്‍ തട്ടിത്തെറിച്ചു.

100 മീറ്ററില്‍ സ്വര്‍ണം ലഭിച്ചില്ലെങ്കിലും സ്വര്‍ണനേട്ടത്തോടെ തന്നെ കരിയര്‍ അവസാനിപ്പിക്കാനുള്ള അവസരം ബോള്‍ട്ടിന് ഇനിയുമുണ്ട്. 4-100 മീറ്റര്‍ റിലേയിലും താരം ട്രാക്കില്‍ ഇറങ്ങുന്നുണ്ട്.

DONT MISS
Top