ഇടിക്കൂട്ടില്‍ ഇന്ത്യ ഇന്ന് ചൈനയെ മലര്‍ത്തിയടിക്കുമോ? വിജേന്ദര്‍-മെയ്തിയാലി പോരാട്ടം വൈകിട്ട് 6.30 ന്

മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന പോര് രൂക്ഷമായി തുടരുകയാണ്. അതിനിടെ ഇടിക്കൂട്ടിന്റെ നാല് അതിരുകള്‍ക്കുള്ളില്‍ ഒരു ഇന്ത്യ-ചൈന പോരാട്ടം നടക്കുകയാണ് ഇന്ന്. അതിര്‍ത്തിയെ പോരില്‍ വാക്കുകൊണ്ട് വിജയം അവകാശപ്പെടുന്നത് പോലെയാകില്ല ഇവിടെ. ശരിയായ ഒരൊറ്റ വിജയി റിംഗില്‍ ഉയരും. അത് ഇന്ത്യയുടെ വിജേന്ദര്‍ സിംഗോ അതോ ചൈനയുടെ സുല്‍പിക്കര്‍ മെയ്‌മെയ്തിയാലിയോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

പ്രൊഫഷണല്‍ ബോക്‌സിംഗില്‍ 31 കാരനായ വിജേന്ദറും 23 കാരനായ മെയ്തിയാലിലും ഇന്ന് മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. വൈകിട്ട് 6.30 നാണ് മത്സരം ആരംഭിക്കുന്നത്. ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനാണ് വിജേന്ദര്‍. മെയ്തിയാലി ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനും. എന്നാല്‍ ഇന്ന് ഈ കിരീട അവകാശികള്‍ മാറിമറിയും. വിജയിക്കുന്നയാള്‍ എതിരാളിയുടെ കിരീടം സ്വന്തമാക്കും.

ഇരുവരും ഇതുവരെ പരാജയങ്ങള്‍ അറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ അപരാജിത കുതിപ്പിന് ഇന്ന് തിരശീല വീഴുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ടുപേരില്‍ ഒരാള്‍ ഇന്ന് പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചേക്കാം. അതോ മത്സരം സമനിലയിലാകുമോ?

റിംഗിലെ പോരാട്ടത്തിന് മുന്‍പ് തന്നെ ഇരുതാരങ്ങളും തമ്മിലുള്ള വാക്‌പോര് തുടങ്ങിയിരുന്നു. ചൈനക്കാര്‍ ആരെന്ന് കാണിച്ചുതരാം എന്ന മെയിതിയാലിയുടെ വെല്ലുവിളിക്ക് വിജേന്ദര്‍ കൊടുത്ത മറുപടി ഇങ്ങനെ-“ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികം ആയുസില്ല”. എട്ട് വയസിന് ഇളയതാണെങ്കിലും വിജേന്ദറിനേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുള്ള താരമാണ് മെയ്തിയാലി.

2015 ഒക്ടോബറിലാണ് വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് കടന്നത്. അതിന് ശേഷം എട്ട് മത്സരങ്ങള്‍ കളിച്ചു. എല്ലാം വിജയിച്ചു. ഇതില്‍ ഏഴിലും നോക്കൗണ്ട് വിജയങ്ങള്‍. മെയ്തിയാലി 2015 ഏപ്രിലിലാണ് മത്സരരംഗത്ത് വന്നത്. ഒമ്പത് മത്സരങ്ങളില്‍ എട്ടിലും വിജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയിലായി. ഇതില്‍ ആറെണ്ണം നോക്കൗട്ട് വിജയങ്ങള്‍.

DONT MISS
Top