കുങ്കിയാനകള്‍ തോറ്റു പിന്‍മാറി; മയക്കുവെടിയും ഏറ്റില്ല; കടകളില്‍ കയറി പഞ്ചസാരയും മൈദയും അകത്താക്കി കാട്ടിലെ കൊമ്പന്‍മാര്‍

തൊടുപുഴ: മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് ശല്ല്യക്കാരായ കാട്ടാനകളെ ഒതുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ശല്ല്യക്കാരെ ഒതുക്കാന്‍ കുങ്കിയാനകള്‍ക്ക് കഴിഞ്ഞില്ല. നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ പലചരക്കു കടകള്‍ ആക്രമിച്ച് കടയിലുള്ളവരെ ഓടിച്ച ശേഷം കടയിലുള്ള സാധനങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ക്കുകയാണ്. അരി, പഞ്ചസാര, മൈദ തുടങ്ങിയ സാധനങ്ങളാണ് ഇവയുടെ ഇഷ്ട വിഭവങ്ങള്‍.

ഏറ്റവും പ്രശ്‌നക്കാരനായ അരിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പന്റെ ശല്ല്യം പരിഹരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും എല്ലാം അതിജീവിച്ച് നാട്ടിലെത്തുന്ന അരിക്കൊമ്പന്‍ പതിവ് കലാപരിപാടികള്‍ ആവര്‍ത്തിച്ചിട്ട് മടങ്ങിപ്പോകും. കഴിഞ്ഞ ദിവസം ഒരു പലചരക്ക് കടയില്‍ കയറി തിന്നു തീര്‍ത്തത് ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ്. മറ്റൊരു കട ആക്രമിക്കുകയും സമീപത്ത് കിടന്ന വാഹനം കുത്തിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കാട്ടാനകളുടെ ശല്ല്യം മൂലം സഹികെട്ടതോടെ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആനയിറങ്കലില്‍ റോഡ് ഉപരോധിച്ചു. ഉടന്‍ പരിഹാരം കാണാമെന്ന വനം വകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഇതിനു ശേഷമാണ് കാട്ടാനകളെ തുരത്താന്‍ തമിഴ്‌നാട്ടില്‍ നിന്ന് കുങ്കിയാനകളെ ഇറക്കിയത്. എന്നാല്‍ കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെടുകയായിരുന്നു.

മയക്കുവെടി വെച്ച് മയക്കിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ കൊണ്ടു വിടാനായിരുന്നു നീക്കം. എന്നാല്‍ ഒന്നിനു പകരം അഞ്ച് തവണ വെടിവെച്ചിട്ടും അരിക്കൊമ്പന്‍ എന്ന പ്രശ്‌നക്കാരന്‍ മയങ്ങിയില്ല. ഇതോടെ വനം വകുപ്പ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനാല്‍ അടുത്ത മാസം വീണ്ടും കുങ്കിയാനകളെ ഇറക്കി കാട്ടാനകളെ പിടികൂടാനുള്ള ആലോചനയിലാണ് വനംവകുപ്പ്.

DONT MISS
Top