ലൈംഗിക ആരോപണം: ഇമ്രാന്‍ ഖാനെതിരേ അന്വേഷണം

പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഖാന്‍ (ഫയല്‍ചിത്രം)

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രതിപക്ഷപാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണ വിഷയത്തില്‍ അന്വേഷണം. ഇമ്രാന്‍ ഖാനെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ പാര്‍ലമെന്റ് സമിതിയെ നിയോഗിച്ചു.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രികി ഇന്‍സാഫിലെ(പിടിഐ) വനിതാ നേതാവുമായ ആയിഷ ഗുലായി ആണ് പാര്‍ട്ടി നേതാവിനെതിരേ ആരോപണമുന്നയിച്ചത്. ഇമ്രാന്‍ ഖാനെതിരേ ആരോപണമുന്നയിച്ച ആയിഷ ദേശീയ അസംബ്ലി അംഗത്വും പാര്‍ട്ടി പദവിയും രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇമ്രാന്‍ ഖാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് അശ്ലീല എസ്എംഎസ് അയച്ചുവെന്നും ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തിയാണ് ആയിഷ രാജി പ്രഖ്യാപനം നടത്തിയത്.

ഈ ആരോപണത്തെക്കുറിച്ചാണ് പാര്‍ലമെന്ററി സമിതി അന്വേഷിക്കുക. പാനമ രേഖ വിവാദത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്ന നവാസ് ഷെരീഫിന് പകരം ചുമതലയേറ്റ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി ആണ് പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിച്ചത്.  പാര്‍ലമെന്ററി സമിതിയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇമ്രാന്‍ ഖാനെതിരേ ആരോപണമുന്നയിച്ച ആയിഷ, തന്റെ ജീവന് ഭീഷണയുണ്ടെന്ന് പരാതിപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് അഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല ഇമ്രാന്‍ ഖാന്റേതെന്നു ആയിഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയിലെ താന്‍ അടക്കമുള്ള വനിതാ നേതാക്കള്‍ക്ക് ഇമ്രാന്‍ ഖാന്‍ അയച്ച എസ്എംഎസിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഇതിനകം പ്രതിഷേധമുയര്‍ന്നുകഴിഞ്ഞെന്നും ഈ പാര്‍ട്ടിയില്‍ അഭിമാനം പണയം വച്ച് തുടരാനാകില്ലെന്നും പ്രസ്താവിച്ചാണ് ആയിഷ രാജിവച്ചത്. ഖൈബര്‍ പാഖ്ദൂണ്‍ഖ്വയില്‍ പിടിഐ നയിക്കുന്ന പ്രവിശ്യസര്‍ക്കാരിനെതിരേ അഴിമതി ആരോപണവും ഉന്നയിച്ച ആയിഷ, ഇവിടെ മുഖ്യമന്ത്രി പര്‍വേസ് ഘട്ടാക്ക് മാഫിയ തലവനെ പോലെയാണ് ഭരണം നടത്തുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, തനിക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഇമ്രാന്‍ഖാന്‍ പുശ്ചിച്ചുതള്ളി. പാനമ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രനവാസ് ഷെരീഫിനെ രാജിവയ്പ്പിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയാണ് സര്‍ക്കാരെന്ന് 64 വയസുകാരനായ ഇമ്രാന്‍ഖാന്‍ ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയില്‍ കലാശിച്ചത് ഇമ്രാന്‍ ഖാന്റെ ഇടപെടലും പാര്‍ട്ടി നടത്തിയ പ്രക്ഷോഭവുമാണ്. നവാസ് ഷെരീഫിന് ഏറ്റ തിരിച്ചടിക്ക് പകരം വീട്ടാനായി തനിക്കും തന്റെ പാര്‍ട്ടിക്കുമെതിരേ വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രവചരിപ്പിച്ച് രാഷ്ട്രീയമായി തക്കര്‍ക്കാനുള്ള ശ്രമമാണ് ഭരണപക്ഷമായ പിഎംഎല്‍- എനും അവര്‍ നയിക്കുന്ന പാക് സര്‍ക്കാരും നടത്തുന്നതെന്ന് ഇമ്രാന്‍ഖാന്‍ ആരോപിച്ചു.

ആയിഷയുടെ രാജിക്കുപിന്നാലെ അവര്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയുടെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ പകപോക്കലിന് അവരെ നവാസ് ഷെരീഫും സംഘവും അവരെ ഉപയോഗിക്കുകയാണെന്നും പിടിഐ പാര്‍ട്ടി വക്താവ് ഫവാദ് ചൗധരി ആരോപിച്ചിരുന്നു.

DONT MISS
Top