ഓടിക്കൊണ്ടിരിക്കുന്ന കാറിനെ വളഞ്ഞ തെരുവ് നായ്ക്കളോട് ‘റിപ്പബ്ലിക്’ ചാനലിനെ ഉപമിച്ച് ശശി തരൂര്‍; വീഡിയോ വൈറല്‍

ശശി തരൂര്‍, അര്‍ണാബ് ഗോസ്വാമി

ശശി തരൂരിനെ വിടാതെ പിന്തുടരുകയാണ് റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍. തരൂരിന് നേരെ തട്ടിക്കയറുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ നടപടി വിവാദമായിരുന്നു. ശശി തരൂരിന് നേരെയുള്ള കടന്നാക്രമണമാണ് റിപ്പബ്ലിക് ചാനല്‍ നടത്തുന്നതെന്ന ആരോപണമുണ്ടായി. തനിക്കു നേരെ തട്ടിക്കയറിയ റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എം പി കൂടിയായ ശശി തരൂര്‍. ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത തെരുവ് നായ്ക്കളോടാണ് റിപ്പബ്ലിക് ടി വി ടീമിനെ തരൂര്‍ ഉപമിച്ചത്. ഇത് വൈറലായിരിക്കുകയാണ്.

സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും റിപ്പബ്ലിക്ക് ചാനലിനെ വിലക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. തന്നെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമാണ് ചാനല്‍ ഇടപെടുന്നതെന്നായിരുന്നു ശശി തരൂരിന്റെ വാദം.

ദിവസങ്ങള്‍ക്ക് മുന്‍പ് ശശി തരൂര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഇതിനെതിരെ ശക്തമായാണ് അര്‍ണാബ് ഗോസ്വാമി പ്രതികരിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും രക്ഷനേടാനാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലിനെ വിലക്കിയതെന്ന് അര്‍ണാബ് പറഞ്ഞിരുന്നു.

DONT MISS
Top