ടി വി ഷോ അനുകരിച്ച് വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ തുപ്പിയ പതിനൊന്നുകാരന്‍ പൊള്ളലേറ്റ് മരിച്ചു

രാപല്ലെ കലി വിശ്വനാഥ്

ഹൈദരാബാദ്; ടി വി ഷോ അനുകരിച്ച് വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ തുപ്പിയ പതിനൊന്നുകാരന്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്ലെ കലി വിശ്വനാഥാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് രാപല്ലെയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ടി വിയില്‍ തീ ഉപയോഗിച്ചുള്ള പ്രകടനങ്ങളില്‍ കുട്ടി ആകൃഷ്ടനായി. ഒരു സര്‍ക്കസ് പരിപാടിയിലായിരുന്നു മണ്ണെണ്ണ വായില്‍ ഒഴിച്ച് തുപ്പുന്ന പരിപാടി ഉണ്ടായിരുന്നത്. രസകരമായി തോന്നിയ രാപല്ലെ അടുക്കളയില്‍ നിന്നും മണ്ണെണ്ണയും മറ്റും കൊണ്ടുവന്ന് ടി വി ഷോയിലേതുപോലെ അനുകരിക്കാന്‍ തുടങ്ങി. മണ്ണെണ്ണ വായില്‍ ഒഴിച്ച് തീ തുപ്പിയതും അത് വസ്ത്രത്തില്‍ പടര്‍ന്നുപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ രാപല്ലെയെ ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു മരണം.

ബോഡിങ് സ്‌കൂളിലാണ് രാപല്ലെ പഠിക്കുന്നത്. മുത്തശ്ശിക്കൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. എന്തിനോടും ആകാംക്ഷ സൂക്ഷിക്കുന്ന സ്വഭാവം രാപല്ലെക്ക് ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ബുദ്ധിമാനായ കുട്ടിയായിരുന്നു അവനെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

നാല് മാസങ്ങള്‍ക്ക് മുന്‍പ് സമാന സംഭവത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. കരീംനഗറിലായിരുന്നു കുട്ടി മരിച്ചത്. അനുകരിക്കരുതെന്ന രീതിയില്‍ പരസ്യം നല്‍കിയിട്ടും അത് വകവെയ്ക്കാതെ വരുന്നതാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം.

DONT MISS
Top