കയ്യില്‍ കാശില്ലെങ്കിലും ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി ഐആര്‍സിടിസി

ദില്ലി: സമയലാഭമാണ് ഓണ്‍ലൈന്‍ ബുക്കിംഗുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ക്യൂ നില്‍ക്കുകയോ കാത്തുനിന്നു മുഷിയുകയോ വേണ്ട. വീട്ടിലിരുന്നുകൊണ്ടു തന്നെ കാര്യങ്ങള്‍ നടപ്പിലാക്കാം. ട്രെയിന്‍ ടിക്കറ്റും ബസ് ടിക്കറ്റും സിനിമാ ടിക്കറ്റുമൊക്കെ ഇങ്ങനെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരാണധികവും. എക്കൗണ്ടില്‍ പണമുണ്ടെങ്കിലേ ഇങ്ങനെ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.

എന്നാല്‍ കയ്യില്‍ കാശില്ലെങ്കിലും ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന സമയത്ത് പണമില്ലെങ്കിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഐആര്‍സിടിസി യുടെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 15 ദിവസത്തിനകം പണം നല്‍കിയാല്‍ മതി.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അപ്പോള്‍ത്തന്നെ പണം നല്‍കണമായിരുന്നു. പണം നല്‍കിയാലും ടിക്കറ്റ് ശരിയായില്ലെങ്കില്‍ മുടക്കിയ തുക തിരികെ എക്കൗണ്ടിലേക്ക് വരാന്‍ ദിവസങ്ങളെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എക്കൗണ്ടില്‍ പണമില്ലെങ്കില്‍ക്കൂടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന പദ്ധതിയുമായി ഐആര്‍സിടിസി രംഗത്തെത്തിയിരിക്കുന്നത്. 15 ദിവസത്തിനുളളില്‍ പണം നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കും. ഐആര്‍സിടിസി എക്കൗണ്ട് റദ്ദ് ചെയ്യുകയും ചെയ്യും.

DONT MISS
Top