നിര്‍മാണ അനുമതിയില്‍ ക്രമക്കേട്; ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടും

ദിലീപ്

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസ് അടച്ചുപൂട്ടും. ചാലക്കുടി നഗരസഭയാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തിയേറ്ററിന് നിര്‍മാണാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിര്‍മാണ അനുമതിയിലെ ക്രമക്കേട് സംബന്ധിച്ച് നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണം കഴിയുന്നതുവരെ തിയേറ്റര്‍ അടച്ചിടാനാണ് തീരുമാനം.

ഡി സിനിമാസിന് നിര്‍മാണ അനുമതി നല്‍കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക മുനിസിപ്പാലിറ്റി യോഗത്തിലാണ് തിയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും സംയുക്തമായാണ് തീരുമാനം കൈക്കൊണ്ടത്.

ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭൂമി അളന്ന് തിട്ടപ്പെടുത്തി. എന്നാല്‍ ഭൂമി കൈയേറിയിട്ടില്ലെന്നാണ് റവന്യൂ അധികൃതര്‍ വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസിന്റെ കൈയേറ്റം വീണ്ടും ചര്‍ച്ചയായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച പരാതിയില്‍ ജൂലൈ മാസം 29 ന് തൃശൂര്‍ വിജിലന്‍സ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2014 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

DONT MISS
Top