ബഡ്ജറ്റ് 4ജി ഫോണുകളുടെ വിപണിയിലും ജിയോ തരംഗം; 1999 രൂപയുടെ ഫോണുമായി ഇന്റക്‌സ് എത്തിക്കഴിഞ്ഞു; 2500 രൂപയ്ക്ക് ഫോണ്‍ ഐഡിയയും നല്‍കും

ഇന്റക്‌സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോണുകള്‍

ജിയോ സൃഷ്ടിച്ച തരംഗം ചെറുതല്ല. മറ്റ് ടെലക്കോം കമ്പനികള്‍ക്ക് മാത്രമല്ല, ഫോണ്‍ നിര്‍മാതാക്കള്‍ക്കും ജിയോ പാരയാവുകയാണ്. മത്സരം മുറുകുന്തോറും ഉപഭോക്താക്കള്‍ക്ക് ചാകരയും.

ജിയോ 4ജി ഫോണിന് ഒരു എതിരാളി എന്ന നിലയല്‍ ഇന്റക്‌സാണ് ആദ്യം ഫീച്ചര്‍ 4ജി ഫോണുകളുമായി രംഗത്തെത്തിയത്. ടര്‍ബോ പ്ലസ് എന്നപേരില്‍ അവതരിപ്പിച്ച ഫോണ്‍ ഉടനെ വിപണിയിലെത്തും.

ജിയോ ഫോണുമായി വലിയ മാറ്റങ്ങളൊന്നുമില്ല ഇന്റക്‌സിന്റെ ഫോണിന്. എന്നാല്‍ ചില മേന്മകള്‍ ഉണ്ടുതാനും. ഇന്റ്ക്‌സ് ഫോണില്‍ ഏത് കമ്പനിയുടെ സിമ്മും ഉപയോഗിക്കാം. ജിയോ ഫോണില്‍ ജിയോ സിം മാത്രവും. ഇന്റക്‌സ് ഫോണില്‍ രണ്ട് സിമ്മുകള്‍ ഉപയോഗിക്കാം. ജിയോ ഫോണില്‍ അതും പറ്റില്ല.

എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞ് എപ്പോള്‍ ഫോണ്‍ തിരിച്ചുകൊടുത്താലും മുടക്കിയ പണം ജിയോ തിരികെത്തരും എന്നത് ജിയോഫോണിന്റെ ഒരു വലിയ ഗുണമാണ്. എന്നാല്‍ ഇന്റക്‌സും ഒട്ടും വിട്ടുകൊടുക്കാനില്ല എന്ന സന്ദേശം പകര്‍ന്നുകഴിഞ്ഞു.

ജിയോ ഫോണ്‍ നിര്‍മിച്ച് നല്‍കുന്നതും ഇന്റക്‌സാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോള്‍ ജിയോഫോണിന്റെ വലിയ വ്യത്യാസമില്ലാത്ത പകര്‍പ്പ് തന്നെയാണ് പുതുരൂപത്തില്‍ വിപണിയിലെത്തുന്നത് എന്നുവേണം ഊഹിക്കാന്‍.

ഇതിനിടയില്‍ കുറച്ചുകൂടി നല്ല ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തി ഐഡിയയും അങ്കത്തിന് തയാറായിക്കഴിഞ്ഞു. ഐഡിയ 4ജി ഫോണിന് 2500 രൂപയായിരിക്കും വില. വോഡാഫോണ്‍ ഐഡിയ ലയനം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വോഡാഫോണിനും ഐഡിയ ഫോണ്‍ ഉപകരിക്കും.

എയര്‍ടെല്‍കൂടി മത്സരത്തിലേക്കിറങ്ങിയാല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ കുറഞ്ഞ മുടക്കില്‍ ലഭിക്കുമെന്നുറപ്പ്. ജിയോ വന്നതിനാല്‍ വിപണിയിലെ മത്സരം മുറുകിയത് ചെറിയ നേട്ടമൊന്നുമല്ല ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്.

DONT MISS
Top