കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ബിസിസിഐ ‘മറന്ന’ മിഥാലിക്ക് ഖേല്‍രത്‌നയില്ല

ദേവേന്ദ്ര ഛഛാരിയ, സര്‍ദാര്‍ സിംഗ്

ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗ്, പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ജാവലിന്‍ താരം ദേവേന്ദ്ര ഛഛാരിയ എന്നിവരാണ് ഈ വര്‍ഷം പരമോന്നത കായിക പുരസ്‌കാരത്തിന് അര്‍ഹരായത്. ജസ്റ്റീസ് സി.കെ. ഠാക്കൂര്‍ അധ്യക്ഷനായ 12 അംഗ അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പിടി ഉഷ, വീരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.

ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം എസ്.വി.സുനില്‍, ബാസ്‌കറ്റ് ബോള്‍താരം പ്രശാന്തി സിംഗ്, പാരാലിമ്പിക്‌സ് താരങ്ങളായ മാരിയപ്പന്‍ തങ്കവേലു, വരുണ്‍ ഭാട്ടി, ഗോള്‍ഫ് താരം എസ്എസ്പി ചൗരസിയ, അത്‌ലറ്റ് ആരോക്യ രാജീവ് എന്നിവര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് പൂജാരയെതേടി അര്‍ജുന പുരസ്‌കാരമെത്തിയത്.

അതേസമയം, മലയാളി കായികതാരങ്ങളാരും കായികപുരസ്‌കാരത്തിന് ഈ വര്‍ഷം അര്‍ഹരായിട്ടില്ല.

നേരത്തെ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഥാലി രാജിന്റെ പേര് ഖേല്‍ രത്‌നയ്ക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വൈകി സമര്‍പ്പിച്ചത് വിവാദമായിരുന്നു. സമയപരിധി കഴിഞ്ഞശേഷമാണ് നിഥാലിയുടെ പേര് ബിസിസിഐ കായികമന്ത്രാലയത്തിന് നല്‍കിയത്. ഖേല്‍ രത്‌നയ്ക്ക് മിഥാലി തെരഞ്ഞെടുക്കപ്പെട്ടുമില്ല.

DONT MISS
Top