ഇനി നല്ലയിനം പുലയ അച്ചാറുകളും

കറികള്‍ക്കും അച്ചാറുകള്‍ക്കും പല്‍പ്പൊടിക്കും അരിപ്പൊടിക്കും പായസക്കിറ്റിനുമെല്ലാം ബ്രാഹ്മിണ്‍സ്‌ എന്നോ നമ്പൂതിരീസ്‌ എന്നോ പേരിട്ടാല്‍ മാത്രമേ വിറ്റൂപോകൂ എന്നത്‌ മലയാളിയുടെ സവര്‍ണ്ണഅഭിരുചിയുടെ പ്രശ്‌നമാണ്‌. ഇപ്പോഴിതാ നല്ലയിനം പുലയ അച്ചാറുകളും വിപണിയിലെത്തിയിരിക്കുന്നു. പക്ഷേ, കഴിക്കാവുന്ന അച്ചാറല്ല, വായിക്കാവുന്ന അച്ചാറാണെന്നു മാത്രം. കവിയും ഡോക്യുമെന്ററി സംവിധായകനുമായ എം.എസ്‌ ബനേഷിന്റെ പുതിയ കവിതാ സമാഹാരത്തിന്റെ പേരാണ്‌ നല്ലയിനം പുലയ അച്ചാറുകള്‍. ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം എറണാകുളത്ത്‌ മറൈന്‍ ഡ്രൈവില്‍ നടന്ന ഡിസി അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍ പ്രകാശനം ചെയ്‌തു. കവി എസ്‌ ജോസഫാണ്‌ പുസ്‌തകം പ്രകാശനം ചെയ്‌തത്‌.

2013ല്‍ എംഎസ്‌ ബനേഷ്‌ എഴുതി മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌ പ്രസിദ്ധീകരിച്ച നല്ലയിനം പുലയ അച്ചാറുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂസമരം കഴിഞ്ഞ്‌ ജയിലില്‍ കിടക്കുമ്പോള്‍ പോലീസ്‌ തല്ലിച്ചതച്ച്‌ വീര്‍ത്ത കവിളുമായി ജയില്‍ മോചിതയായി വരുന്ന സികെ ജാനുവിന്റെ ഛായയുള്ള സമരപ്പോരാളിയാണ്‌ കവിതയിലെ വിഷയം. ജയിലില്‍ നിന്ന്‌ ഇറങ്ങി അടുത്തുള്ള ഹോട്ടലില്‍ നിന്ന്‌ ഊണുകഴിക്കാനിരുന്ന അവര്‍, അച്ചാര്‍ കൂട്ടി ഊണുരുള കഴിക്കാനൊരുങ്ങിയപ്പോള്‍ വിളമ്പുകാരന്‍ അവരോട്‌ പറയുന്നു, ‘അതേയ്‌, ഇത്‌ നല്ലയിനം ബ്രാഹ്മിണ്‍സ്‌ അച്ചാറാ’ എന്ന്‌. ഇതുകേട്ട്‌ മുത്തങ്ങാവനത്തിലെ മുഴുവന്‍ മരങ്ങളും വായില്‍ നിന്ന്‌ പുറത്തുചാടുന്നതുപോലെ അവര്‍ ഛര്‍ദ്ദിക്കുന്നു. ഇതുകണ്ട്‌, വിളമ്പുകാരന്‍, ‘ഓ, നല്ലയിനം പുലയ അച്ചാര്‍ എന്ന്‌ മൊഴിയാത്തതുകൊണ്ടായിരിക്കും ഛര്‍ദ്ദിച്ചത’്‌ എന്ന രീതിയില്‍ പ്രതികരിക്കുന്നതും അവിടെനിന്ന്‌ കവിത പല തലങ്ങളിലേക്കും തുറസ്സുകളിലേക്കും രാഷ്ട്രിയമായി ഉയരുന്നതാണ്‌ ഇതിവൃത്തം.

പ്രശസ്‌ത ബംഗാളി എഴുത്തുകാരന്‍ വിദ്യാര്‍ത്ഥി ചാറ്റര്‍ജിയാണ്‌ നല്ലയിനം പുലയ അച്ചാറുകള്‍ക്ക്‌ അവതാരിക എഴുതിയിരിക്കുന്നത്‌. ‘എംഎസ്‌ ബനേഷിന്റെ നല്ലയിനം പുലയ അച്ചാറുകള്‍ ജാതിവാലുകള്‍ക്ക്‌ മുന്നിലുയര്‍ന്ന വര്‍ത്തമാനകാല പ്രതിരോധത്തിന്റെ ശിരസ്സുകളിലൊന്നാണെന്ന്‌ പ്രഭാഷകനും സൈദ്ധാന്തികനുമായ കെ.ഇ.എന്‍ വിലയിരുത്തിയിരുന്നു. കെ.ഇ.എന്‍ എഴുതുന്നു, ‘ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ആ പേരുപോലും ഒരു പൊരുതലാണ്‌. ആഭിജാത്യ ബിംബകല്‌പനകള്‍ക്കുള്ളില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കാന്‍ അതിന്‌ കഴിയും.’

നേരത്തേ ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച എംഎസ്‌ ബനേഷിന്റെ കവിതാസമാഹാരങ്ങളും വ്യത്യസ്‌ത ശീര്‍ഷകങ്ങള്‍ കൊണ്ടും സൂക്ഷ്‌മരാഷ്ട്രീയധ്വനികള്‍ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ‘കാത്തുശിക്ഷിക്കണേ’, ‘നെഞ്ചുംവിരിച്ച്‌ തലകുനിക്കുന്നു’ എന്നിവയാണ്‌ ഇതിനു മുമ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍.

DONT MISS
Top