നടിയെ ആക്രമിച്ച കേസ്: മൊഴികളില്‍ വൈരുദ്ധ്യം, സംവിധായകന്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കും

നാദിര്‍ഷ ( ഫയല്‍ ചിത്രം )

കൊച്ചി:  കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനി നാദിര്‍ഷയെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയെ പരിചയമില്ലെന്നായിരുന്നു നാദിര്‍ഷ  പൊലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നാദിര്‍ഷയെ രണ്ട് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.മൊഴികളിലെ വൈരുദ്ധ്യമാണ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്ന നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നതിനുള്ള കാരണം. പള്‍സര്‍ സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ വിളിച്ചതിനുള്ള രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് മണിക്കൂറോളം നാദിര്‍ഷയെ ചോദ്യം ചെയ്തിട്ടും ഇത്തരമൊരു സംഭവം നടന്നതായി നാദിര്‍ഷ മൊഴി നല്‍കിയിരുന്നില്ല. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലും പള്‍സര്‍ സുനി എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്ന നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത്. നാദിര്‍ഷ തെളിവ് നശിപ്പിക്കുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. നാദിര്‍ഷയെ പ്രതി ചേര്‍ത്തുള്ള അന്വേഷണമല്ലാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

DONT MISS
Top