സ്വന്തം പേറ്റു നോവിനിടയിലും ലേബര്‍ റൂമിലെ മറ്റൊരു കരച്ചില്‍ കേട്ട് ആ പ്രസവമെടുത്തു; ‘ഡോക്ടര്‍ മോം’ മിനെ സ്‌നേഹം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

അമാന്‍ഡ ഹെസ്സ് കുഞ്ഞിനോടൊപ്പം

ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിലും മഹത്തരമായ മറ്റൊന്നില്ല. ഒരു സ്തീ ഏറ്റവും കൂടുതല്‍ വേദനയും ഭയവും അനുഭവിക്കുന്നതും പ്രസവ സമയത്തായിരിക്കും. ലേബര്‍ റൂമില്‍ കയറുമ്പോള്‍ മുതലുള്ള പേടിയും പരിഭ്രമവുമൊക്കെ ഒരു പരിധിയോളം കുറയ്ക്കുന്നത് ഗൈനക്കോളജിസ്റ്റിന്റെ സ്‌നേഹപൂര്‍വ്വമുള്ള ഇടപെടല്‍ തന്നെയായിരിക്കും. ഇങ്ങനെ നല്ല സ്വഭാവം കൊണ്ടും ജോലിയിലെ മികവു കൊണ്ടുമൊക്കെ ഡോക്ടര്‍മാര്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്വാഭാവികമാണ്. ആ സമയം കൂടെ നിന്നതിന് നന്ദി പറയുന്ന പേഷ്യന്റ്‌സും ഒരുപാടുണ്ടാകും.

എന്നാല്‍ ഇവിടെയൊരു ഗൈനക്കോളജിസ്‌റ്റ് പേഷ്യന്റിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം നേടിയിരിക്കുന്നത് വെറുതെയൊരു പ്രസവം അറ്റന്റ് ചെയ്തതു കൊണ്ടല്ല. ഗൈനക്കോളജിസ്റ്റാണെങ്കിലും സ്വന്തം പ്രസവത്തിനായാണ് അമാന്‍ഡ ഹെസ്സ് എന്ന ഗൈനക്കോളജിസ്റ്റ് ലേബര്‍ റൂമില്‍ പ്രവേശിച്ചത്. പ്രസവ വേദനയ്ക്കിടയിലും അമാന്‍ഡ കേട്ടത് മറ്റൊരു യുവതിയുടെ കരച്ചിലായിരുന്നു. ലീ ഹാലിഡേ എന്ന യുവതിയുടെ ഉദരത്തില്‍ കുഞ്ഞ് അത്യന്തം അപകടാവസ്ഥയിലായിരുന്നു. ആ കരച്ചില്‍ കേട്ടപ്പോള്‍ തന്റെ നിറവയറും വേദനയും മറന്ന് അമാന്‍ഡയിലെ ഡോക്ടര്‍ ഉണര്‍ന്നു.

ലീയുടെ കുഞ്ഞ് അപകടാവസ്ഥയിലാണെന്ന് മനസ്സിലായപ്പോള്‍ സ്വന്തം വേദന മാറ്റിവെച്ച് അമാന്‍ഡ ലീയുടെ ശസ്ത്രക്രിയയില്‍ പങ്കു ചേര്‍ന്നു. ആ കുഞ്ഞ് സുരക്ഷിതമായി പുറത്തെത്തിയ ശേഷമാണ് അമാന്‍ഡ തന്റെ കുഞ്ഞിനെക്കുറിച്ചോര്‍ത്തത്. അവിടെയുണ്ടായിരുന്നവരെ മാത്രമല്ല കേട്ടറിഞ്ഞവരെയും ഈയൊരു സംഭവം ആഴത്തില്‍ സ്പര്‍ശിച്ചു.

തന്റെ പ്രിയ സ്‌നേഹിതയെ അഭിനന്ദിച്ചുകൊണ്ട് ഡോക്ടറായ ഹല സബ്രി ലേബര്‍ റൂമിലെ ഈ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. “അമ്മമാര്‍ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു. അമ്മമാരായ ഡോക്ടര്‍മാര്‍ എല്ലായ്‌പ്പോഴും സ്വന്തം കുടുംബത്തെയും സ്വന്തം രോഗികളെയും ഒരുപോലെ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. അമാന്‍ഡയുടെ കുഞ്ഞുങ്ങള്‍ക്ക് വലുതാകുമ്പോള്‍ കേട്ട് രസിക്കാനുള്ള ഒരു അനുഭവമാകും ഇത്. പ്രിയപ്പെട്ട അമാന്‍ഡ ഹെസ്സ്, നിങ്ങളുടെ മാതൃത്വം ആഘോഷിക്കൂ.” എന്നായിരുന്നു ഹല സബ്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എന്തായാലും നിറവയറോടെ, കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്ന വേദനയുടെ നിമിഷത്തിലും തന്റെ കര്‍ത്തവ്യം മറക്കാതിരിക്കുകയും സ്വന്തം വേദന മറന്ന് കൂടെയുള്ളയാളെ കരുതുകയും ചെയ്ത ഡോക്ടറിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സ്‌നേഹംകൊണ്ടൊരു ഓമനപ്പേരും സൈബര്‍ലോകം നല്‍കിക്കഴിഞ്ഞു. ‘ഡോക്ടര്‍ മോം.’ അമ്മയായ ഡോക്ടര്‍ക്ക് മറ്റുള്ളവരുടെ വേദനകള്‍ പെട്ടന്ന് മനസ്സിലാവുമല്ലോ.

DONT MISS
Top