വനിതാ നേതാക്കള്‍ക്ക് അശ്ലീല എസ്എംഎസ്; ഇമ്രാന്‍ ഖാനെതിരേ ആരോപണമുന്നയിച്ച് വനിതാ നേതാവ് രാജിവച്ചു

പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഖാന്‍ (ഫയല്‍ചിത്രം)

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താനിലെ പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്‌രികി ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനെതിരേ ആരോപണമുന്നയിച്ച് പാര്‍ട്ടിയിലെ വനിതാ നേതാവ് രാജിവച്ചു. ഇമ്രാന്‍ ഖാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് അശ്ലീല എസ്എംഎസ് അയച്ചുവെന്നും ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ആരോപിച്ച് ആയിഷ ഗുലായി ആണ് രാജി പ്രഖ്യാപിച്ചത്. പിടിഐയിലെ പ്രമുഖ വനിതാ നേതാവായ ആയിഷ, തെക്കന്‍ വാസിരിസ്ഥാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ്.

സ്ത്രീകള്‍ക്ക് അഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല ഇമ്രാന്‍ ഖാന്റേതെന്നു ആയിഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ അഭിമാനമാണ് എല്ലാത്തിനേക്കാളും വലുതായി താന്‍ പരിഗണിക്കുന്നത്. മാനം പണയം വച്ച് ജീവിക്കാന്‍ വയ്യാത്തതിനാലാണ് രാജിയെന്ന് അവര്‍ വ്യക്തമാക്കി. താന്‍ അടക്കമുള്ള വനിതാ നേതാക്കള്‍ക്ക് ഇമ്രാന്‍ ഖാന്‍ അയച്ച എസ്എംഎസിന്റെ പേരില്‍ പലരും ഇതിനകം പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞുവെന്നു പറഞ്ഞ ആയിഷ പക്ഷെ, എസ്എംഎസ് സന്ദേശം പുറത്തുവിടാന്‍ തയാറായില്ല. ഇമ്രാന്‍ ഖാന് മാനസിക പ്രശ്‌നങ്ങളുണ്ട്. ആരും തന്നേക്കാള്‍ മുകളിലെത്തുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല – ആയിഷ ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയില്‍ കലാശിച്ചത് ഇമ്രാന്‍ ഖാന്റെ ഇടപെടലും പാര്‍ട്ടി നടത്തിയ പ്രക്ഷോഭവുമാണ്. രാഷ്ട്രീയമായ ഈ മേല്‍ക്കൈ നേടി നില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്.

ഖൈബര്‍ -പാഖ്ദൂണ്‍ഖ്വയില്‍ പിടിഐ നയിക്കുന്ന പ്രവിശ്യസര്‍ക്കാരിനെതിരേ അഴിമതി ആരോപണവും ഉന്നയിച്ച ആയിഷ, ഇവിടെ മുഖ്യമന്ത്രി പര്‍വേസ് ഘട്ടാക്ക് മാഫിയ തലവനെ പോലെയാണ് ഭരണം നടത്തുന്നതെന്നും കുറ്റപ്പെടുത്തി. അതേസമയം, പിടിഐ വിട്ട അയിഷ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലീം ലീഗ് – എന്നില്‍ ചേരുകയാണെന്ന വാര്‍ത്തകള്‍ അവര്‍ നിഷേധിച്ചു. ഷെരീഫിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് ഷെരീഫിന് അറിയാമെന്നും പറഞ്ഞു. ദേശീയ അസംബ്ലി അംഗത്വും താന്‍ രാജിവയ്ക്കുന്നതായും ആയിഷ വ്യക്തമാക്കി.

അതേസമയം, ആയിഷയുടെ ആരോപണങ്ങള്‍ പിടിഐ വക്താവ് നിഷേധിച്ചു. നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് ആയിഷ തന്റെ ആത്മാവിനെ വില്‍ക്കുകയാണ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് ഫവാദ് ചൗധരി പറഞ്ഞു.

DONT MISS
Top