പാകിസ്താന്‍ പ്രധാനമന്ത്രിയായി ഷാഹിദ് ഖഖാന്‍ അബ്ബാസി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഷാഹിദ് ഖഖാന്‍ അബ്ബാസി സത്യപ്രതിജ്ഞ ചെയ്യുന്നു

ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രധാനമന്ത്രിയായി ഷാഹിദ് ഖഖാന്‍ അബ്ബാസി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ അബ്ബാസിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അവിഹിത സ്വത്ത് സമ്പാദനകേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് രാജിവെച്ച ഒഴിവിലേക്കാണ് ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസിയെ തെരഞെടുത്തത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജവ, മറ്റ് സൈനിക മേധാവിമാര്‍, ഗവര്‍ണര്‍മാര്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്നാല്‍ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സഹോദരന്‍ ഷഹബാസ് ഷെരീഫ്, മുന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസ്സാര്‍ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചില്ല.

ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 342 അംഗങ്ങളില്‍ 221 പേരുടെ വോട്ട് പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവായ അബ്ബാസി കരസ്ഥമാക്കി. പ്രധാനപ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നവീദ് ഖമര്‍ 47 വോട്ടു നേടിയപ്പോള്‍, പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് സ്ഥാനാര്‍ത്ഥി ഷേഖ് റഷീദ് അഹമ്മദ് 33 ഉം, ഝമാ അത്തെ ഇസ്ലാമിയുടെ സാഹിബ്‌സാദ താരിഖുള്ള നാല് വോട്ടും നേടി.

വോട്ടെണ്ണലിന് ശേഷം ദേശീയ അസംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് ഷാഹിജ് ഖഖാന്‍ അബ്ബാസി വിജയിച്ചതായി പ്രഖ്യാപിച്ചു. നവാസ് ഷെരീഫിന്റെ വിശ്വസ്തനാണ് ഷാഹിദ് ഖഖാന്‍ അബ്ബാസി. നവാസ് ഷെരീഫ് മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു അബ്ബാസി.

നവാസ് ഷെരീഫിന്റെ പിന്‍ഗാമിയായി സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫിനെ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഷഹബാസ് നിലവില്‍ ദേശീയ അസംബ്ലിയില്‍ അംഗമല്ല. പാക് ഭരണഘടന അനുസരിച്ച് ദേശീയ അസംബ്ലിയില്‍ അംഗമായവര്‍ക്ക് മാത്രമേ പ്രധാനമന്ത്രിയാകാനാകൂ. അതിനാല്‍ ഷഹബാസ് ദേശീയ അസംബ്ലിയിലേക്ക് വിജയിച്ചു വരുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായാണ് ഷാഹിദ് ഖഖാന്‍ അബ്ബാസിയെ തെരഞ്ഞെടുത്തത്.

DONT MISS
Top