റിയാദില്‍ ബൈക്കുകളില്‍ കറങ്ങിനടന്ന് വിദേശികളെ പിടിച്ചുപറിക്കുന്ന സംഘം പിടിയില്‍

പ്രതീകാത്മക ചിത്രം

റിയാദ് നഗരത്തില്‍ വിദേശികളെ അക്രമിച്ച് പിടിച്ചുപറി നടത്തിയ മൂന്നംഗ സംഘത്തെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ നൂറില്‍പരം പിടിച്ചുപറി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന് കാല്‍ നടയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി പിടിച്ചുപറി നടത്തുന്ന സംഘമാണ് അറസ്റ്റിലായത്.

ഇവരുടെ അക്രമണത്തില്‍ നിരവധി വിദേശികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പഴ്‌സുകളും വിലപിടിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തു. സംഘത്തിന്റെ ആക്രമണത്തിനിരയായ നിരവധി വിദേശികള്‍ അടുത്ത കാലത്ത് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. നിര്‍ത്തിയിട്ട കാറുകളുടെ ഗഌസുകള്‍ തകര്‍ത്ത് വിലപിടിച്ച വസ്തുക്കള്‍ ഇവര്‍ മോഷ്ടിച്ചിരുന്നതായും കണ്ടെത്തി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവരാണ് പ്രതികളെ പിടികൂടിയത്. തലസ്ഥാന നഗരിയിലെ വിവിധ ജില്ലകളില്‍ 101 പിടിച്ചുപറികള്‍ നടത്തിയതായി ഇവര്‍ സമ്മതിച്ചു. സംഘത്തിന്റെ ആക്രമണത്തിന് ഇരയായവര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. റിയാദില്‍ നടന്ന മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് വക്താവ് കേണല്‍ ഫവാസ് അല്‍മൈമാന്‍ അറിയിച്ചു.

DONT MISS
Top