‘ ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്’; തേപ്പ് നാടകത്തിന് സാക്ഷിയാകേണ്ടി വന്ന വരന്റെ വധുവില്ലാത്ത റിസപ്ഷന്‍

തൃശ്ശൂര്‍: മറ്റൊരാളെ മനസ്സില്‍ സൂക്ഷിക്കുന്ന പെണ്ണിനെ ജീവിതത്തില്‍ കൂടെ കൂട്ടേണ്ടി വന്നില്ലല്ലോ എന്ന സന്തോഷത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഷിജില്‍ നടക്കാതെ പോയ കല്യാണത്തിന്റെ റിസപ്ഷന്‍ ആഘോഷിച്ചത്. നിശ്ചയിച്ച ദിവസം കല്യാണം നടന്നില്ലെങ്കിലും റിസപ്ഷനു വേണ്ടി ബുക്ക് ചെയ്തിരുന്ന കേക്ക് ക്യാന്‍സല്‍ ചെയ്തിരുന്നില്ല. കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം കേക്ക് മുറിച്ച് ചതിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ഷിജില്‍.

കഴിഞ്ഞ ദിവസം മുഴുവന്‍ മാധ്യമങ്ങളും ആഘോഷിച്ച വാര്‍ത്തയായിരുന്നു ഗുരുവായൂരില്‍ കല്യാണ മണ്ഡപത്തില്‍ നിന്ന് വധു കാമുകനൊപ്പം ഇറങ്ങിപ്പോയ സംഭവം. താലികെട്ട് കഴിഞ്ഞ ശേഷം കാമുകനെ കണ്ടപ്പോള്‍ താലിമാലയൂരി വരനെയേല്‍പ്പിച്ച് വധു കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശി ഷിജിലും മുല്ലശ്ശേരി മാമ്പുള്ളി ഹരിദാസിന്റെ മകള്‍ മായയും തമ്മിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ കാമുകന്‍ സ്ഥലത്തെത്തി. ഉടനെ താലിമാലയും വിവാഹ സാരിയും തിരിച്ചേല്‍പ്പിച്ച് വധു സ്ഥലം വിടുകയായിരുന്നു. ഇതോടെ ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പരസ്പരമുള്ള വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ 8 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.

വധുവിനോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കേണ്ട വിവാഹ റിസപ്ഷന്‍ വീട്ടുകാരോടും ബന്ധുക്കളോടുമൊപ്പം ആഘോഷിച്ച് ‘മായ എന്ന ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ ഒരു ചെറിയ സെലബ്രേഷന്‍ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു ഷിജില്‍.

DONT MISS
Top