കൃത്രിമ ബുദ്ധി നിയന്ത്രണത്തിനുമപ്പുറത്തായി, ‘എഐ’ സംവിധാനം നിര്‍ത്തി ഫെയ്‌സ്ബുക്ക്‌ തലയൂരി; സംഭവം നടന്നത് സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റി അറിവ് കുറവാണെന്ന് എലോണ്‍ മസ്‌ക് പറഞ്ഞ് ദിവസങ്ങള്‍ക്കകം

സുക്കര്‍ബര്‍ഗ്, എലണ്‍ മസ്‌ക്‌

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥാവാ കൃത്രിമ ബുദ്ധി മനുഷ്യ നിയന്ത്രണത്തില്‍ നിന്ന് പിടിവിടാന്‍ തുടങ്ങുന്നു എന്നുള്ളതിന്റെ സൂചനകള്‍ പുറത്ത്. രണ്ടുദിവസം മുമ്പ് ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റിയുള്ള ധാരണകള്‍ കുറവാണെന്ന് എലോണ്‍ മസ്‌ക്‌ പറഞ്ഞ് ദിവസങ്ങള്‍ക്കകം ഉണ്ടായ സംഭവവികാസം ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിന് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരിക്കുകയാണ്. ഒട്ടേറെ ശാസ്ത്രജ്ഞര്‍ സംശയിച്ചതുപോലെ കൃത്രിമ ബുദ്ധി മനുഷ്യനിയന്ത്രണത്തിന് അപ്പുറം പോയി. സ്വന്തമായി ആശയ വിനിമയം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ച ഭാഷയ്ക്കപ്പുറം മറ്റൊരു ഭാഷതന്നെ അവ സൃഷ്ടിച്ചു. അങ്ങനെ കൈവിട്ടുപോകുമെന്ന അവസ്ഥയെത്തിയപ്പോള്‍ ഫെയ്‌സ്ബുക്ക്‌ തന്നെ ഈ സംവിധാനം പൂര്‍ണമായി നിര്‍ത്തിവച്ചു.

കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സ്, ടെസ്‌ല, ഓപ്പണ്‍ എഐ എന്നീ കമ്പനികളുടെ സ്ഥാപകന്‍ എലോണ്‍ മസ്‌കുമായി ചെറിയൊരു വാഗ്വാദത്തില്‍ സുക്കര്‍ബര്‍ഗ് ഏര്‍പ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കിലെ കൃത്രിമ ബുദ്ധിയേപ്പറ്റി മസ്‌ക് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ആശങ്ക അസ്ഥാനത്താണ് എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ വാദം. സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റിയുള്ള ധാരണ പോരാ എന്നതായിരുന്നു എലോണ്‍ മസ്‌കിന്റെ അവസാന പ്രസ്താവന. സംഭവം നടന്ന് ദിവസങ്ങള്‍ക്കകമാണ് മസ്‌കിന്റെ ആശങ്ക ശരിവച്ച് വലിയ അപകടം മണത്തതും അത് മൊത്തത്തില്‍ ഒഴിവാക്കിയതും.

മനുഷ്യന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതലേയുള്ള ആശങ്കയാണ് യന്ത്രങ്ങള്‍ മനുഷ്യനെ തിരിച്ച് ആക്രമിക്കാന്‍ തുടങ്ങിയാലോ എന്നുള്ളത്. യന്ത്രങ്ങളുടെ ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുമ്പോഴെല്ലാം ആശങ്ക കൂടിവന്നു. നിരവധി സിനിമകള്‍ കൃത്രിമ ബുദ്ധി മനുഷ്യ കുലത്തെ നശിപ്പിക്കും എന്ന സന്ദേശത്തിലെത്തി. 2026 ആകുമ്പോഴേക്ക് യന്ത്രങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തും എന്ന് പ്രവചിച്ചവര്‍ പോലുമുണ്ട്. എലോണ്‍ മസ്‌ക് മാത്രമല്ല സ്റ്റീഫന്‍ ഹോക്കിംഗ്, ബില്‍ഗേറ്റ്‌സ് എന്നിവരെല്ലാം കൃത്രിമ ബുദ്ധിയേക്കുറിച്ച് ആശങ്കയുന്നയിച്ചവരാണ്.

DONT MISS
Top