ജീപ്പ് കോമ്പസ് അവതരിച്ചു; അപ്രതീക്ഷിത വിലക്കുറവുതന്നെ ഏറ്റവും വലിയ ആകര്‍ഷണം

ജീപ്പ് കോമ്പസ്

ഒരു സെഗ്മെന്റ് വാഹനങ്ങള്‍ തന്നെ സ്വന്തം പേരിലാക്കിയ കമ്പനിയാണ് ജീപ്പ്. ഏത് കമ്പനി ഇറക്കിയാലും പിന്നെയത് ‘ജീപ്പായി’. രൂപം പകര്‍ത്താന്‍ അവകാശം വാങ്ങിയും വാങ്ങാതെയുമെല്ലാം നിരവധി ജീപ്പ് രൂപങ്ങള്‍ നിരത്തിലിറങ്ങി. എന്നാല്‍ യതാര്‍ത്ഥ ജീപ്പ് കമ്പനി ഇന്ത്യയില്‍ വന്നതേയില്ല.

ജീപ്പ് എത്തിയപ്പോള്‍ത്തന്നെ വലിയ വില കാരണം ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ ആരാധകവികാരം കണക്കിലെടുത്ത് ജീപ്പ് പുറത്തിറക്കിയതാണ് പുതിയ ഇന്ത്യന്‍ കോമ്പസ്. ഷെറോക്കിന്റെ സഹോദരന്‍ എന്നുവിളിക്കാവുന്ന രൂപത്തില്‍ എത്തിയിരിക്കുന്ന ഇവന്‍ ജീപ്പിന്റെ ഏറ്റവും വില കുറവുള്ള വണ്ടി എന്ന പ്രത്യേകതയും പേറിയാണ് എത്തുന്നത്.

14.95 ലക്ഷം രൂപയാണ് കോമ്പസിന്റ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള ഏത് എസ്‌യുവിയോടും മത്സരിക്കാനുതകുന്ന വിലയായാണ് വിലയിരുത്തപ്പെടുന്നത്. സ്‌പോര്‍ട്ട്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ കോമ്പസ് പുറത്തിറങ്ങും. 25 ലക്ഷത്തിന് മുകളില്‍ വില വരുന്ന വാഹനങ്ങള്‍ക്ക് വലിയ മത്സരം കോമ്പസ് സൃഷ്ടിക്കില്ലെങ്കിലും ക്രെറ്റ, ഡസ്റ്റര്‍, ടെറാനോ, എക്‌സ്‌യുവി, ഹെക്‌സ എന്നീ വാഹനങ്ങള്‍ വാങ്ങുന്നവരെല്ലാം ജീപ്പിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്.

ഏത് തരത്തിലുള്ള പ്രതലത്തലും പുഷ്പം പോലം സഞ്ചരിക്കും എന്നതാണ് ജീപ്പിന്റെ പ്രത്യേകത. അല്ലെങ്കില്‍ ഓഫ് റോഡ് തലതൊട്ടപ്പന്‍ എന്നുതന്നെ ജീപ്പിനെ വിളിക്കാം. കോമ്പസില്‍ത്തന്നെ വിവിധ തരത്തിലുള്ള റൈഡ് മോഡുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നോ, മഡ്, സാന്‍ഡ് എന്നീ അവസ്ഥകളിലും പ്രത്യേകം മോഡുകളിലേക്ക് മാറ്റാം. കുത്തനെയുള്ള കയറ്റം കയറുമ്പോഴും മോഡുകള്‍ മാറ്റാം.

DONT MISS
Top