ട്രംപിനെതിരെ ആരോപണവുമായി യുവതി; വിവാഹ മോചനത്തിന് കാരണം ട്രംപുമായുള്ള സെല്‍ഫി

ട്രംപുമായുള്ള യുവതിയുടെ സെല്‍ഫി

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. ട്രംപുമായുള്ള സെല്‍ഫിയും തന്റെ വിവാഹ മോചനത്തിന് ഒരു കാരണമെന്നാണ് യുവതിയുടെ വാദം.

ലിന്നും പാം ബീച്ചിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഡേവ് അരോണ്‍ബെര്‍ഗുമാണ് വിവാഹമോചിതരായിരിക്കുന്നുവെന്ന് സംയുക്ത പ്രസ്താവന നടത്തിയത്.
ഞങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണ്. പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നിരിക്കെ കൂടുതല്‍ വിവരങ്ങള്‍ മധ്യമങ്ങളോട് അറിയിക്കുന്നില്ലെന്നും ഇരുവരും അറിയിച്ചു.

ട്രംപിനൊപ്പം ലിന്‍ പകര്‍ത്തിയ സെല്‍ഫി ഗോസിപ്പുകള്‍ക്ക് കാരണമായതാണ് വിവാഹ ബന്ധത്തില്‍ ലിന്‍ ഒറ്റപ്പെടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുത്. കൂടാതെ വിവാഹം കഴിഞ്ഞ ഏറെ നാള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ വേണ്ടെന്ന ഡേവിന്റെ തീരുമാനം അംഗീകരിക്കാന്‍ പറ്റാതിരുന്നതും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്.

ആശയപരമായും ഇരുവരും രണ്ട് തട്ടിലാണ്. ലിന്‍ പിന്തുണയ്ക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആയിരുന്നെങ്കില്‍ ഡേവ് പിന്‍തുണയ്ക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന് മൂന്നാഴ്ച മുന്‍പാണ് ലിന്‍, ട്രംപ്, മെലാനിയ എന്നിവര്‍ ഒരുമിച്ച് സെല്‍ഫി പകര്‍ത്തിയത്. അന്ന് ഡേവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഫോട്ടോ പകര്‍ത്തുമ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

ചിത്രത്തിന് പോസ് ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും താന്‍ അത് ചെവികൊണ്ടില്ല. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ നിറയുകയും പിന്നീട് അത് ഗോസിപ്പ് കോളങ്ങളിലേക്ക് വഴി മാറുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ തന്നെ വിവാഹബന്ധത്തില്‍ തീര്‍ത്തും ഒറ്റപ്പെടുത്തിയെന്ന് ലിന്‍ പറയുന്നു.

ട്രംപിന്റെ കടുത്ത ആരാധികയായിരുന്ന ലിന്‍ തന്റെ വളര്‍ത്തു പട്ടിക്ക് നല്‍കിയ പേര് പോലും ഇവാന്‍ക എന്നായിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ള സെല്‍ഫി കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഭര്‍ത്താവിന്റെ അടുപ്പക്കാരില്‍ ചര്‍ച്ചയ്ക്കും പിന്നീട് ശാസനകള്‍ക്കും തുടക്കം കുറിച്ചു.

മിയാമി ഡോള്‍ഫിന്റെ ചിയര്‍ലീഡറായിരുന്ന ലിന്‍ 2000ലാണ് ഡേവിനെ പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധം 2015ഓടെ വിവാഹത്തിലേക്ക് വഴിമാറുകയും ചെയ്തു. അമേരിക്കയിലെ പാം ബീച്ചില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. 2012ലാണ് ഡോവ് സ്‌റ്റേറ്റ് അറ്റോര്‍ണിയായി ചുമതലയേറ്റത്.

DONT MISS
Top