ഇന്ത്യാനാ ജോണ്‍സ് വീണ്ടും വരും, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കും; ഹാരിസണ്‍ ഫോര്‍ഡും സ്റ്റീഫന്‍ സ്പില്‍ബര്‍ഗും വീണ്ടും ഒരുമിക്കുന്നു

ഹാരിസണ്‍ ഫോര്‍ഡ് വിവിധ ഇന്ത്യാനാ ജോണ്‍സ് ചിത്രങ്ങളില്‍

ഇന്ത്യാനാ ജോണ്‍സ് നാലാം ഭാഗമായ കിംഗ്ഡം ഓഫ് ക്രിസ്റ്റല്‍ സ്‌കള്‍ എന്ന ചിത്രത്തില്‍ അവസാനം കാണിക്കുന്ന രംഗം ആരാധകരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. പഴയ കാമുകിയെ വിവാഹം കഴിച്ച് നടന്നുപോകുന്ന ജോണ്‍സിന്റെ വിഖ്യാതമായ തൊപ്പി കാറ്റ് പറപ്പിച്ചുകളയുകയാണ്. ജോണ്‍സിന്റെ മകന്റെ മുന്നിലാണ് തൊപ്പി വന്നുവീഴുന്നത്. അയാള്‍ അതെടുത്ത് തലയില്‍ വയ്ക്കാന്‍ ഒരുങ്ങുന്നതിനുമുന്നേ ജോണ്‍സ് അത് വേഗത്തില്‍ കൈക്കലാക്കുന്നു എന്നിട്ട് തലയില്‍ വച്ച് നടന്നു നീങ്ങുന്നു.

നാലാം ഭാഗത്തിലെ മകന്റെ രംഗപ്രവേശം കാണികളില്‍ ഒരു സംശയമുണ്ടാക്കിയിരുന്നു. ഇനി ചിത്രത്തിന്റെ അടുത്ത ഭാഗം വരുമ്പോള്‍ ഇദ്ദേഹമായിരിക്കുമോ നായകന്‍? അതിനായിട്ടാണോ ഈ ഭാഗത്തില്‍ മകന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നെല്ലാം. അവസാന രംഗത്തിലൂടെ ഈ സംശയങ്ങളെല്ലാം തട്ടിയകറ്റുകയാണ് സ്പില്‍ബര്‍ഗ് ചെയ്യുന്നത്. ജോണ്‍സ് എന്ന കഥാപാത്രത്തിന് മുന്‍ഗാമിയോ പിന്‍ഗാമിയോ ഇല്ല, എല്ലാമെല്ലാം ഹാരിസണ്‍ ഫോര്‍ഡ് തന്നെ. മറ്റൊരു നടനും ആ സ്ഥാനത്തേക്ക് എത്താനും സാധിക്കില്ലെന്നുറപ്പ്.

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ശരിവച്ച് ഇന്ത്യാനാ ജോണ്‍സ് വീണ്ടും വരുമെന്നുറപ്പായി. ചിത്രം വാള്‍ട്ട് ഡിസ്‌നിയാവും നിര്‍മിക്കുക. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങിയതിനുശേഷമേ ഇന്ത്യാനാ ജോണ്‍സ് പുറത്തിറങ്ങൂ. 2019 അവസാനമാണ് പുത്തന്‍ ഇന്ത്യാനാ ജോണ്‍സ് പുറത്തിറങ്ങുന്നത്

ഹാരിസണ്‍ ഫോര്‍ഡ് തന്നെയാണ് അഞ്ചാം ഭാഗത്തിലും നായകനാകുന്നത്. സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് ചിത്രം സംവിധാനം ചെയ്യും. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. ലൂക്കാസ് ഫിലിംസും പതിവുപോലെ ചിത്രത്തോട് സഹകരിക്കും. ഏറ്റവും മികച്ച കൂട്ടുകെട്ടാണ് വീണ്ടും ഒന്നിക്കുന്നത്.

ഇന്ത്യാനാ ജോണ്‍സ് പരമ്പരയിലെ ആദ്യ നാല് ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. അതി സാഹസികനായ കൊളേജ് അധ്യാപകനായാണ് ഫോര്‍ഡ് ഇത്തവണയും വേഷമിടുക. സഹ നടീനടന്മാരെ തീരുമാനിച്ചിട്ടില്ല. ജീവിച്ചിരിക്കുന്നുവെന്ന് ആരാധകര്‍ വിശ്വസിക്കാനിഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത ഒരു സര്‍വേയില്‍ ഷെര്‍ലക് ഹോംസിനുശേഷം കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് ഇന്ത്യാനാ ജോണ്‍സ് എന്ന കഥാപാത്രത്തെയായിരുന്നു. അത്രത്തോളം പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കഥാപാത്രമാണ് ജോണ്‍സ്.

ഇന്ത്യാനാ ജോണ്‍സ് രണ്ടാം ഭാഗത്തില്‍ ബോളിവുഡ് നടന്‍ അമരീഷ് പുരിയും വേഷമിട്ടിരുന്നു. ജോണ്‍സും കൂട്ടരും ഇന്ത്യയിലെത്തുന്നതും ഒരു ഗ്രാമത്തെ ആഭിചാരത്തില്‍ നിന്നും മുക്തമാക്കുന്നതുമായിരുന്നു ഇതിവൃത്തം. ടെമ്പിള്‍ ഓഫ് ധൂം എന്ന ഈ ചിത്രമാണ് തന്റെ ഇഷ്ട ഇന്ത്യാനാ ജോണ്‍സ് ചിത്രം എന്ന് സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.

ഇന്ത്യാനാ ജോണ്‍സ് ചിത്രങ്ങളിലെ ചില രംഗങ്ങള്‍ താഴെ കാണാം

DONT MISS
Top