നടി ആക്രമിക്കപ്പെട്ട സംഭവം: പൊലീസ് ചോദിച്ചത് ‘അമ്മ’യുടെ വിവരങ്ങളെന്ന് ഇടവേള ബാബു

ഇടവേള ബാബു

കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അമ്മ ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. ഷോയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കിയെന്നും ഇടവേള ബാബു പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇടവേള ബാബു ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബിലെത്തിയത്. ഇടവേള ബാബു അടുത്തിടെ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

താരസംഘടനയായ അമ്മയുടെ ഭാരവാഹിയാണ് ഇടവേള ബാബു. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപും സംഘടനയുടെ ഭാരവാഹിയായിരുന്നു. സംഘടനയുടെ നടത്തിപ്പും മറ്റു കാര്യങ്ങള്‍ക്ക് വേണ്ടിയും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഇത് സംബന്ധിച്ച കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചതായാണ് വിവരം.

അതേസമയം, ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍ നിന്ന് പൊലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പൊലീസ് ആരാഞ്ഞിരുന്നു.

DONT MISS
Top