നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

ഇടവേള ബാബു

കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ നടന്‍ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മൊഴിയെടുക്കലല്ലാത്ത വിധം ചോദ്യം ചെയ്യലാണെന്നാണ് ലഭിക്കുന്ന വിവരം.

ദിലീപും ഇടവേള ബാബുവും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഇടവേള ബാബു അടുത്തിടെ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കൂടിയാണ് ബാബുവിനെ വിളിച്ചു വരുത്തിയത്.

താരസംഘടനയായ അമ്മയുടെ ഭാരവാഹിയാണ് ഇടവേള ബാബു. ദിലീപ് സംഘടനയുടെ ട്രഷറര്‍ ആയിരുന്നു. അറസ്റ്റിന് പിന്നാലെ ദിലീപിനെ താരസംഘടനയുടെ ഭാരവിഹിത്വത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. സംഘടനയുടെ നടത്തിപ്പും മറ്റു കാര്യങ്ങള്‍ക്ക് വേണ്ടിയും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഇടവേള ബാബുവില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കേസില്‍ നടി കാവ്യാ മാധവനെതിരെയുള്ള കുരുക്ക് മുറുകുകയാണ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദമാണ് പൊളിയുന്നത്. പള്‍സര്‍ സുനിയും കാവ്യാ മാധവനും തമ്മില്‍ പരിചയക്കാരായിരുന്നു എന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച ‘പിന്നെയും’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് കാവ്യ പള്‍സര്‍ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പള്‍സര്‍ സുനിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാവ്യയുടെ മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും.

DONT MISS
Top