2000 ത്തിന്റെ നോട്ട് പിന്‍വലിക്കില്ല; 200 നോട്ടുമെത്തുമെന്ന് കേന്ദ്രമന്ത്രി

ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ 2000 ത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല, പുതുതായി 200 ന്റെ കറന്‍സി നോട്ടുകൂടി കൊണ്ടുവരുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്വാര്‍ വ്യക്തമാക്കി. 200 ന്റെ നോട്ടുകള്‍ ഓഗസ്റ്റ് മാസം മുതല്‍ വിനിമയത്തിന് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കുകയാണെന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ചാണ് കേന്ദ്രമന്ത്രി വിശദീകരണം നല്‍കിയത്. ചില്ലറനോട്ടുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് 200 രൂപയുടെ നോട്ട് കൊണ്ടുവരുന്നതെന്നും മന്ത്രി ഗാംഗ്വാര്‍ വ്യക്തമാക്കിയത്. 200 ന്റെ നോട്ട് അച്ചടി ഇതിനകം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. അതേസമയം, 200 ന്റെ നോട്ടുകള്‍ ഓഗസ്റ്റ് മാസത്തില്‍ വിപണിയിലെത്തുമെന്ന് റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഈ മാസം 26 ന് പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതിന് മറുപടി നല്‍കാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്നാണ് 2000 ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന വാര്‍ത്തകള്‍ ശക്തമായത്.

2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്വാര്‍ പറഞ്ഞു. 2000 രൂപ നോട്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top