“ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാവുന്ന നടനാണ് ഫഹദ് ഫാസില്‍”, ഒരുമിച്ച് സ്‌ക്രീന്‍ പങ്കുവയ്ക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍

അഭിനയ പാടവത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താര രാജാക്കന്മാര്‍ക്കുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് സിനിമാ ലോകം ഫഹദിനെ കാണുന്നത്. ഇത്രയും സൂഷ്മമായും സ്വഭാവികമായും അഭിനയിക്കുന്ന ഒരു യുവനടന്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഉണ്ടോ എന്നുചോദിച്ചാല്‍ ഒറ്റയടിക്ക് മറുപടി പറയാനാവില്ല. പലഭാഗത്തുനിന്നും ഇത്തരം അഭിനന്ദനങ്ങള്‍ ഫഹദിന് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ ഫഹദിനൊപ്പം അഭിനയിച്ച ശിവകാര്‍ത്തികേയനും മറ്റൊരഭിപ്രായമില്ല.

വേലൈക്കാരന്‍ എന്ന ചിത്രത്തിലാണ് ഫഹദും ശിവകാര്‍ത്തികേയനും ഒരുമിച്ചത്. ഇതില്‍ അഭിനയിച്ചതിലെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കവെയാണ് ശിവകാര്‍ത്തികേയന്‍ ഫഹദിനേപ്പറ്റിയുള്ള അഭിപ്രായം തുറന്നുപറഞ്ഞത്. ഫഹദിനോടൊരപ്പമുള്ള അനുഭവങ്ങള്‍ എന്തൊക്കെയാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാവും ഫഹദിന്റെ അഭിനയം. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ടേക്ക് ഓഫ് എന്ന ചിത്രത്തേയും അതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചവരേയും പ്രശംസിച്ച് ശിവകാര്‍ത്തികേയന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഫഹദിന് തമിഴിലും കൈനിറയെ പ്രോജക്ടുകളാണ് ലഭിക്കുന്നത്. മോഹന്‍ രാജയുടെ വേലൈക്കാരനൊപ്പം ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വിജയ് സേതുപതി, മിഷ്‌കിന്‍, സാമന്ത, നാദിയ മൊയ്തു എന്ന വലിയ താരനിരയാണ് ഒരുമിക്കുന്നത്. മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

DONT MISS
Top