പീഡനത്തില്‍ ഗര്‍ഭിണിയായ പത്തുവയസുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതിയില്ല

ഇന്ത്യന്‍ സുപ്രീംകോടതി

ദില്ലി: പീഡനത്തെതുടര്‍ന്ന് ഗര്‍ഭിണിയായ പത്തുവയസുകാരിയുടെ 32 ആഴ്ച വളര്‍ച്ചയായ ഭ്രൂണം ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. രാജ്യത്തെതന്നെ ഏറെ ചര്‍ച്ചയായ ഗര്‍ഭച്ഛിദ്ര അപേക്ഷയിലാണ് സുപ്രീംകോടതി നയം വ്യക്തമാക്കിയത്.

ഭ്രൂണത്തിന് 32 ആഴ്ച വളര്‍ച്ചയെത്തിയ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് ബാലികയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടകരമാകുമെന്ന് ഇതുസംബന്ധിച്ച് മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരമോന്നത കോടതി അനുമതി നിഷേധിച്ചത്. കുട്ടിയുടെ ആരോഗ്യനിലയും ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യതയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി, ചാണ്ഡിഗഡിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(പിജിഐ)ലെ വിദഗ്ധസംഘത്തെയാണ് നിയോഗിച്ചത്. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി പരിഗണിച്ചത്.

ലൈംഗിക പീഡനത്തിന് ഇരയായി ചെറുപ്രായത്തില്‍ ഗര്‍ഭംധരിക്കേണ്ടി വന്ന ബാലികയ്ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആരോഗ്യ, മാനസിക പരിചരണങ്ങളില്‍ സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തി. കുട്ടിയെ നേരത്തെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാനുള്ള നിയമനടപടികള്‍ ഇഴഞ്ഞുനീങ്ങിയതോടെയാണ് ബാലികയ്ക്ക് നിയമപരമായ സമയപരിധിക്കുള്ളില്‍ നിന്നുള്ള ഗര്‍ഭച്ഛിദ്രം നീണ്ടുപോയത്. ഈ സാഹചര്യത്തില്‍ സമാനകേസുകളില്‍ ഉടനടി തീരുമാനമെടുക്കാനായി അതാത് സംസ്ഥാനങ്ങള്‍ സ്ഥിരം മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കേണ്ടതാണന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കുട്ടികള്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ പീഡനത്തിനിരയായി ഗര്‍ഭം ധരിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് അടിയന്തര തീരുമാനമെടുക്കാന്‍ ജില്ലാതലത്തില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കണമന്ന് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ 18 ന് ചാണ്ഡിഗഡ് ജില്ലാ കോടതി തള്ളിയിരുന്നു. ഇന്ത്യയില്‍ നിയമപരമായി ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള സമയപരിധി പരമാവധി 20 ആഴ്ചയാണ്. ഈ പരിധി കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ചാണ്ഡിഗഡ് ജില്ലാ കോടതിയുടെ വിധി.

ബീഹാറില്‍ നിന്ന് തൊഴില്‍ തേടി ഹരിയാനയിലെത്തിയ കുടുംബത്തിലെ കുട്ടിയെ പീഡിപ്പിച്ചത് രണ്ടാനച്ഛനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചുവരികയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് രണ്ടാനച്ഛന്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

DONT MISS
Top