പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു; നടപടി അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന്

നവാസ് ഷെരീഫ് (ഫയല്‍)

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് രാജി. നവാസ് ഷെരീഫ് പ്രധാനമന്ത്രിയുടെ എല്ലാ ചുമതലകളും ഒഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോടതി വിധി അംഗീകരിച്ച് പ്രധാനമന്ത്രിപദം രാജിവെക്കുന്നതാണ് നല്ലതെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അടക്കമുള്ളവര്‍ നവാസ് ഷെരീഫിനെ അറിയിച്ചിരുന്നു. സുപ്രിംകോടതി വിധിക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്ന് നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് വക്താവ് അറിയിച്ചു.

പാക് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കുന്ന വിധി പ്രസ്താവിച്ചത്. സത്യസന്ധനായ പാര്‍ലമെന്റംഗമായിരിക്കാന്‍ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ഖാന്‍ വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഷെരീഫിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ഉടന്‍ സ്ഥാനം രാജിവയ്ക്കണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. നവാസ് ഷെരീഫി രാജിവെച്ചതോടെ, പുതിയ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി. 2018 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.മൊസാക് ഫൊന്‍സക വഴി ഇടപാടുകള്‍ നടത്തിയവരില്‍ ബഹുഭൂരിപക്ഷവും കള്ളപ്പണം വെളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

DONT MISS
Top