ഷഹീര്‍ ഷൗക്കത്തലി കേസ്; പി കൃഷ്ണദാസിന്റെ ജാമ്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

ദില്ലി: ഷഹീര്‍ ഷൗക്കത്തലി കേസില്‍ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. കാന്‍സര്‍ രോഗിയായ അമ്മയെ കാണാന്‍ പാലക്കാട് പോകാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജിഷ്ണു പ്രണോയ്‌യുടെ കേസെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സിബിഐയ്ക്ക് കോടതി നാലാഴ്ച സമയം അനുവദിച്ചു.

ഇതിന് മുന്‍പ് പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തങ്ങണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളിലെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

ലക്കിടി ജവഹര്‍ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ, മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസിനെതിരെ കേസ് കൊടുത്തിരുന്നത്.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് ഷഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളേജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം ഷഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഷഹീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top