പി വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു

നിമന ഉത്തരവ് കൈമാറിയ ശേഷം ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ചിത്രം

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പി വി സിന്ധുവിനെ ഡെപ്യൂട്ടി സബ് കളക്ടറായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച നിയമന ഉത്തരവ് വ്യാഴാഴ്ച ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സിന്ധുവിന് നല്‍കി. രാജ്യത്തിന് വേണ്ടി തുടര്‍ന്നും മെഡലുകള്‍ നേടാന്‍ സിന്ധുവിന് സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യയിലേക്ക് ആദ്യമായി വെള്ളിമെഡല്‍ നേട്ടം കൊണ്ടുവന്ന പി വി സിന്ധുവിന് ഗ്രൂപ്പ് വണ്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. കൂടാതെ ആന്ധ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപയും ആയിരം ചതുരശ്രയടി സ്ഥലവും സിന്ധുവിന് നല്‍കിയിരുന്നു. മുപ്പത് ദിവസത്തിനകം നിയമനം ഉണ്ടാകും. മൂന്ന് വര്‍ഷക്കാലയളവില്‍ സിന്ധു പ്രേബേഷനിലായിരിക്കും.

നിയമന ഉത്തരവ് സ്വീകരിച്ച ശേഷം സിന്ധു സര്‍ക്കാരിന് നന്ദി പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബാഡ്മിന്റണിലായിരിക്കുമെന്ന് സിന്ധു പ്രതികരിച്ചു. കായിക മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കണമെന്നാണ് ആഗ്രഹമെന്നും സിന്ധു വ്യക്തമാക്കി.

DONT MISS
Top