ഗാലെ ടെസ്റ്റ് : ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 600 റണ്‍സിന് പുറത്ത്; അരങ്ങേറ്റത്തില്‍ ഹാര്‍ദിക് പാണ്ഡ്യെയ്ക്ക് അര്‍ധ സെഞ്ച്വറി, ലങ്കയ്ക്ക് മോശം തുടക്കം

ഗാലെ : ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 600 റണ്‍സിന് എല്ലാവരും പുറത്തായി. അരങ്ങേറ്റക്കാരന്‍ ഹര്‍ദിക് പാണ്ഡ്യെയുടെയും അജിന്‍ക്യ രഹാനെയുടെയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കരസ്ഥമാക്കിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. 68 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. രണ്ടു റണ്‍സെടുത്ത ഓപ്പണര്‍ കരുണരത്‌നെ, 16 റണ്‍സെടുത്ത ധനുഷ്‌ക ഗുണതിലക, റണ്‍സൊന്നുമെടുക്കാതെ കുശാല്‍ മെന്‍ഡിസ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷാമി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവിനാണ് ഒരു വിക്കറ്റ്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 399 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഇന്ന് 201 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 144 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് ഒന്‍പത് റണ്‍സ് കൂടി കൂട്ടിചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 153 റണ്‍സെടുത്ത പൂജാരയെ നുവാന്‍ പ്രദീപ് പുറത്താക്കി. എന്നാല്‍ അര്‍ധ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യെ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കരസ്ഥമാക്കുകയായിരുന്നു. രഹാനെ 57 റണ്‍സെടുത്തപ്പോള്‍ പാണ്ഡ്യെ 50 റണ്‍സെടുത്ത് പുറത്തായി. അശ്വിന്‍ 47 റണ്‍സും മുഹമ്മദ് ഷമി 30 റണ്‍സുമെടുത്തു.


വെടിക്കെട്ട് ബാറ്റിംഗിലൂടെയായിരുന്നു അരങ്ങേറ്റക്കാരനായ ഹര്‍ദീക് പാണ്ഡ്യെയുടെ അര്‍ധ സെഞ്ച്വറി. 49 പന്തിലായിരുന്നു പാണ്ഡ്യെയുടെ അര്‍ധശതകം. അഞ്ച് ഫോറും മൂന്ന് സിക്‌സും ഹര്‍ദിക് പാണ്ഡ്യെയുടെ ഇന്നിംഗിസിന് കരുത്തേകി. 30 പന്തിലാണ് മുഹമ്മദ് ഷമി 30 റണ്‍സെടുത്തത്.

ലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപ് ആറു വിക്കറ്റെടുത്തു. ലാഹിരു കുമാര മൂന്നു വിക്കറ്റെടുത്തു. നായകന്‍ രംഗന ഹെരാത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി.

DONT MISS
Top