ആരാധക ലക്ഷങ്ങള്‍, മനമറിഞ്ഞ് മാനേജ്‌മെന്റ്, കളിക്കുമുമ്പേ തലയുയര്‍ത്തി ടീം; ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കൊലമാസ്

ഹ്യൂം, മൊളന്‍സ്റ്റീന്‍, സച്ചിന്‍

കൊച്ചി: ഏറ്റവും ആദ്യത്തെ ഐഎസ്എല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നാലത് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയതിനാല്‍ മാത്രമല്ല, മലയാളിയുടെ ചങ്കിനുള്ളില്‍ കയറിപ്പറ്റിയ ഒരാളുടെ കളി ഇനി കാണാന്‍ സാധിക്കില്ലല്ലോ എന്നുമോര്‍ത്തുള്ള ദുഖം കൊണ്ടുകൂടിയായിരുന്നു. അദ്ദേഹത്തിനായി ഗ്യാലറി ഇളകി മറിഞ്ഞു, നമ്മളില്‍ ഒരാളാക്കി വിളിപ്പേരിട്ടു-ഹ്യൂമേട്ടന്‍.

അദ്ദേഹത്തിന്റെ കളി തൊട്ടടുത്ത സീസണ്‍ മുതല്‍ കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായില്ല. കിട്ടിയ അവസരം പാഴാക്കാതെ കൊല്‍ക്കത്ത ഇയാന്‍ ഹ്യൂമിനെ റാഞ്ചി. എങ്കിലും മലയാളിയുടെ മനസ് അദ്ദേത്തെ മറന്നതേയില്ല. ഹ്യൂമിന്റ കളികാണാന്‍ മലയാളി കൊല്‍ക്കത്തയുടെ കളി കണ്ടു, കേരളത്തിന്റെ കളികാണാന്‍ അദ്ദേഹം കുടുംബത്തേയും കൂട്ടി ഇവിടെയെത്തി. എന്നാല്‍ ഈ നാലാം തവണയും അക്കരെയും ഇക്കരെയും നോക്കി നില്‍ക്കാന്‍ കേരളവും ഹ്യൂമും ഒരുക്കമല്ലായിരുന്നു, ഹ്യൂം ഇങ്ങ് പോന്നു.

എന്നാല്‍ രണ്ടാം സീസണില്‍ ഹ്യൂമിനെ നഷ്ടപ്പെട്ടതില്‍ മാനേജ്‌മെന്റിനെ ധാരാളം പേര്‍ പഴിചാരുന്നുത് കാണാം. എന്നാല്‍ ഹ്യൂമേട്ടനുമായി മലയാളി ഉണ്ടാക്കിയ ആത്മബന്ധത്തിന്റെ തീവ്രത മാനേജ്‌മെന്റും അറിഞ്ഞുകാണില്ല. ഒരു സീസണ്‍, നല്ല കളിക്കാര്‍, അവര്‍ പോകുന്നു, അടുത്ത സീസണില്‍ പുതിയ കളിക്കാര്‍ വരുന്നു, കാണികള്‍ അവരേയും സ്‌നേഹിക്കുന്നു, അവര്‍ പോകുന്നു ഇത്തരത്തിലുള്ള ഒരു കണക്കുകൂട്ടലായിരുന്നു മാനേജ്‌മെന്റിനെ നയിച്ചത്. ഇത് കൃത്യമായിരുന്നു, ഇയാന്‍ എഡ്വേര്‍ഡ് ഹ്യൂം എന്ന കളിക്കാരന്റെ കാര്യത്തിലൊഴിച്ച്.

ഹ്യൂം ടീം മാറിയ സീസണ്‍ മുതലെത്തിയ ജോസൂട്ടന്‍ എന്ന ഹോസുവും വൈകാതെ മലയാളിയായിക്കഴിഞ്ഞിരുന്നു. സ്‌പെയിനില്‍ ചെന്ന് തേങ്ങാക്കൊത്തിട്ട ബീഫ് ചോദിക്കുന്ന ജോസൂട്ടന്‍ ട്രോളുകളിലും നിറഞ്ഞാടിയപ്പോള്‍ ബീഫിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞും പോ മോനേ ദിനേശാ പറഞ്ഞും ജോസുവും മലയാളികളെ രസിപ്പിച്ചു. എങ്കിലും രണ്ടാം സീസണില്‍ ആദ്യ റൗണ്ടില്‍ത്തന്നെ ടീം പുറത്തായതും ജോസുവിന് ഗോളുകളടിച്ച് ടീമിനെ തുടരെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തതും കാരണം മലയാളി ജോസൂട്ടനോട് ഒരല്‍പം പോലും പരിഭവം കാണിച്ചില്ല. ഹ്യൂമിനേപ്പോലെ ഒരു വീരപുരുഷ പ്രതിച്ഛായയല്ല ജോസുവിനുള്ളത് മറിച്ച് ഫുട്‌ബോള്‍ പ്രേമികളുടെ ഓമനയാണയാള്‍.

ഈ അവസരത്തില്‍ കേരളത്തിലെ ഐഎസ്എല്‍ പ്രേമികള്‍ ഏറ്റവും ആവേശത്തോടെയും കൃതജ്ഞതയോടെയും സ്മരിക്കുന്നത് ടീം മാനേജ്‌മെന്റിനെയും ഉടമസ്ഥരേയും തന്നെയാണ്. രണ്ടാം സീസണില്‍ പ്രാകിയ പ്രാക്കെല്ലാം ആരാധകര്‍ തിരിച്ചെടുത്തുകഴിഞ്ഞു. ഫാന്‍ ഗ്രൂപ്പായ മഞ്ഞപ്പടയ്ക്കും ഇത്തവണ അര്‍ഹിക്കുന്ന പരിഗണന കിട്ടി. എതിര്‍ ടീമുകള്‍ കണക്കുകൂട്ടിയതിലുമപ്പുറമുള്ള കളി കളിച്ച റെനെ മൊളസ്റ്റീന്‍ എന്ന അതികായന്‍ കേരളത്തിലെത്തി. ആഗ്രഹിച്ച താരങ്ങളെ നിലനിര്‍ത്തി, ആഗ്രഹിച്ചതിലുമപ്പുറം ഡ്രാഫ്റ്റിലെത്തി. അവസാനം ഹ്യൂമും എത്തിക്കഴിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാമുകള്‍ക്കായുള്ള സെലക്ഷന്‍ സ്‌കൂള്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍പരം ടീം ഉടമസ്ഥരും മാനേജ്‌മെന്റും ആരാധകര്‍ക്കെന്ത് തരണം? സച്ചിനും തെലുങ്ക് സൂപ്പര്‍ താരങ്ങളുമടങ്ങുന്ന ഉടമസ്ഥനിരയ്ക്ക് ഇതുവരെ നൂറില്‍ നൂറ് മാര്‍ക്ക്.

എന്നാല്‍ ഇനിയുമുണ്ട് തങ്ങള്‍ക്കുചില ആഗ്രഹങ്ങള്‍കൂടി എന്ന് ആരാധക വൃത്തങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ എത്താനായെങ്കിലും ചില പോരായ്മകള്‍ മുഴച്ചുനിന്നിരുന്നു. അതിലൊന്നാണ് അര്‍ഹിക്കാതെ വാങ്ങിക്കൂട്ടിയ ഗോളുകള്‍. മുംബൈ നെഞ്ചിലുണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അതെ, ആരാധകര്‍ക്ക് ഒരു ഗോളിയെ വേണം. ഒരു പറക്കും ഗോളിയെ. പിന്നെ ജോസൂട്ടന്‍. നമുക്ക് ഐഎസ്എല്‍ എന്നാല്‍ ജോസൂട്ടന്റെ കളി കാണുക എന്നുമാണല്ലോ. പിന്നെ ബെല്‍ഫോര്‍ട്ട്. എതിരാളികളുടെ കഴുത്തറുക്കാന്‍ സികെ വിനീതിനൊപ്പം ചങ്കുചേര്‍ത്തവന്‍. ഇവരെല്ലാവരുടേയും വരവുകൂടെയാണ് ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top