പീഡനക്കേസ്: എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും

എം.വിന്‍സെന്റ്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. പ്രോസികൂഷന്റെ വാദം അംഗീകരിച്ചാണ് വിന്‍സെന്റിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇതോടെ വിന്‍സെന്റ് ജയിലില്‍ തുടരും. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ ഉടന്‍ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിന്‍സെന്റിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറാണ് ഹാജരായത്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

കെട്ടിച്ചമച്ച എഫ്‌ഐആര്‍ റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. വിന്‍സെന്റ് പരാതിക്കാരിയെ 900 തവണ വിളിച്ചെന്ന ആരോപണം പ്രതിഭാഗം നിഷേധിച്ചു. 138 തവണമാത്രമാണ് വിന്‍സെന്റിന്റെ ഫോണില്‍ നിന്നും വിളിച്ചിരിക്കുന്നത്. വിന്‍സെന്റിന്റെ ഭാര്യ വിളിച്ചത് ഉള്‍പ്പെടെയാണിത്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. ഇതനുസരിച്ച് കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കും. എംഎല്‍എയുടെ ഫോണിലേക്ക് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ നടന്ന ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിമാന്റ് റിപ്പോര്‍ട്ടില്‍ വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചതായി വ്യക്തമാക്കുന്നു. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടിനും നവംബര്‍ 11 ന് രാവിലെ 11 നും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പല ഫോണ്‍നമ്പറുകളില്‍ നിന്ന് വിളിച്ച് പരാതിക്കാരിയെ ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലൈംഗികമായി പീഡിപ്പിച്ചെന്ന അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ ഈ മാസം 22 നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നെയ്യാറ്റിന്‍കര ഡെൈിവസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചോദ്യം ചെയ്തത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല.

DONT MISS
Top