രണ്ടായിരം രൂപയുടെ അച്ചടി അവസാനിപ്പിക്കുന്നു; 200 രൂപയുടെ നോട്ടുകള്‍ അടുത്ത മാസം മുതല്‍

ഫയല്‍ ചിത്രം

ദില്ലി : രണ്ടായിരം രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിക്കുന്നു. ഇതിനു പകരമായി 200 രൂപയുടെ പുതിയ നോട്ടുകള്‍ അടുത്ത മാസം മുതല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജൂണിലാണ് 200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്.

പുതിയ സുരക്ഷാ ഫീച്ചറുകളുമായാണ് 200 രൂപയുടെ നോട്ടുകള്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ ഒരു ബില്യണ്‍ 200 രൂപ നോട്ടുകള്‍ പ്രചാരത്തിലെത്തിക്കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്.

500,1000 രൂപയുടെ നോട്ടുകള്‍ നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പകരമായി 2000 ന്റെ നോട്ടുകളാണ് ആര്‍ബിഐ പുറത്തിറക്കിയത്. പിന്നാലെ പുതിയ 500 രൂപ നോട്ടുകളും പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് 200 രൂപയുടെ നോട്ട് അച്ചടിക്കാന്‍ ഏപ്രിലില്‍ ചേര്‍ന്ന ആര്‍ബിഐ ഉന്നതതലയോഗം തീരുമാനമെടുത്തത്. ഈ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് 200 രൂപ നോട്ട് അച്ചടി ആര്‍ബിഐ തുടങ്ങിയത്.

200 രൂപ നോട്ടുകള്‍ പ്രചാരത്തിലാകുന്നതോടെ, ക്രമേണ 2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കാനാകുമെന്നും ആര്‍ബിഐ കണക്കുകൂട്ടുന്നു. രാജ്യത്തെ എടിഎം മെഷീനുകള്‍ പുനഃക്രമീകരിക്കേണ്ടി വരും എന്നതിനാല്‍, തുടക്കത്തില്‍ ബാങ്കുകള്‍ വഴി മാത്രമാകും 200 രൂപ നോട്ടുകള്‍ ലഭിക്കുക.

DONT MISS
Top