സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

അമല്‍ വിഷ്ണുദാസ്

തിരുവനന്തപുരം: പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

വിവാഹിതനായ ഇയാള്‍ ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറായി നില്‍ക്കുകയാണെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ഉടന്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നല്‍കി. തുടര്‍ന്ന് ഓഫീസിലും കാറിലും ഉള്‍പ്പെടെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പിതാവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

കൈരളി ടിവിയില്‍ നിന്നും മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് പരാതിക്കാരിയെന്നാണ് വിവരം. അറസ്റ്റിന് ശേഷം അമലിനെ വൈദ്യപരിശോധനയ്ക്ക് വിധേനാക്കി. അതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ അവതാരകനായിരുന്നു അമല്‍.

DONT MISS
Top