പ്രവേശനാനുമതി നിഷേധിച്ച സംഭവം: അടൂര്‍ മൗണ്ട് സിയോണ്‍ കോളെജ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു

പത്തനംതിട്ട: അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷം എംബിബിഎസിന് പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ലോധാ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം ന്യൂനതകള്‍ എല്ലാം പരിഹരിച്ചിട്ടും മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനാ സമയത്ത് നാല് ഡോക്ടര്‍മാര്‍ ലീവ് എടുത്തതാണ് ഇത്തവണ പ്രവേശനാനുമതി നിഷേധിക്കാന്‍ കാരണമായി പറയുന്നത്.

സുപ്രിം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ലോധ കമ്മിറ്റി കഴിഞ്ഞ വര്‍ഷം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളെജില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ട ന്യൂനതകള്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം രണ്ട് കോടി രൂപ ന്യൂനതകള്‍ പരിഹരിക്കുന്നതു വരെ പിഴയായി കെട്ടിവെയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ന്യൂനതകള്‍ എല്ലാം പരിഹരിച്ചതോടെ രണ്ട് കോടി രൂപ മൗണ്ട് സിയോണ്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തിരിച്ചുനല്‍കുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ വര്‍ഷം ജനവരി നാല്, അഞ്ച് തീയതികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ മിന്നല്‍ പരിശോധന നടത്തുകയും ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം കുറ്റമറ്റതാണന്ന് വിലയിരുത്തി റിപ്പോര്‍ട്ടും നല്‍കി. ആശുപത്രിയില്‍ 157 ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ കൗണ്‍സില്‍ പരിശോധനാ ദിവസം മൂന്നു പേര്‍ താമസിച്ചു വന്നതും നാല് പേര്‍ ലീവാണന്നുമുള്ള കാരണം പറഞ്ഞാണ് മെഡിക്കല്‍ കൗണ്‍സില്‍ കോളെജിന് ഈ വര്‍ഷം പ്രവേശനാനുമതി നിഷേധിച്ചത്.

നന്നായി നടക്കുന്ന കോളേജിനെ നിസ്സാര കാരണം പറഞ്ഞ് സമൂഹമധ്യത്തില്‍ ഇടിച്ചുതാഴ്ത്താനുള്ള നടപടിയായേ ഇതിനെ കാണാന്‍ കഴിയൂ എന്ന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഫസല്‍ മരക്കാര്‍ പറഞ്ഞു. നിസ്സാര കാരണം പറഞ്ഞ് പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കോളെജ് അധികൃതര്‍.

DONT MISS
Top