ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

ദില്ലി: ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവര്‍ രഹിത കാറുകള്‍ തൊഴില്‍ ഇല്ലായ്മ സൃഷ്ടിക്കുന്നതിനാലാണ് അനുമതി നല്‍കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഒരു സാങ്കേതിക വിദ്യയും നമുക്ക് വേണ്ട. ഒരു രാജ്യത്ത് തൊഴിലില്ലായ്മ നില നില്‍ക്കുന്നുണ്ടെങ്കില്‍, സാങ്കേതികവിദ്യയുടെ അതിപ്രസരത്തിന് പകരം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികല്‍ക്കാകണം മുഖ്യ പരിഗണന നല്‍കേണ്ടതെന്നും ഗഡ്കരി പറഞ്ഞു.

റോഡുകളിലെ തിരക്ക് കുറക്കുന്നതിനായി പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പൊതുഗതാഗത സംവിധാനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളിയം ഇന്ധന ഗതാഗതത്തില്‍ നിന്നും ബയോ-ഡീസല്‍, എഥനോള്‍, സിഎന്‍ജി തുടങ്ങിയവയിലേക്കു മാറും. കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് ബൈക്ക് ടാക്‌സികള്‍ നഗരങ്ങളില്‍ എത്തിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഒറ്റ ചാര്‍ജിംഗില്‍ 200 കിലോമീറ്ററോളം സഞ്ചരിക്കുന്ന ബൈക്കുകള്‍ നിര്‍മ്മിക്കാമെന്ന് അറിയിച്ച്  നിര്‍മ്മാതാക്കള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top