രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി

സീതാറാം യെച്ചൂരി

ദില്ലി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി വ്യക്തമാക്കി. തീരുമാനം പാര്‍ട്ടി പൊളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. തന്റെ നിലപാട് ചൊവ്വാഴ്ച പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ അറിയിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

യെച്ചൂരിയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ രണ്ട് അഭിപ്രായം നിലനില്‍ക്കെ, യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാനില്ലെന്ന തന്റെ നിലപാട് വ്യക്തമാക്കി യെച്ചൂരി നേരിട്ട് രംഗത്തുവന്നത്.

രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗം ഉറച്ചുനിന്നിരുന്നു. പാര്‍ലമെന്റ് അംഗത്വം രണ്ടുതവണയില്‍ കൂടുതല്‍ പാടില്ലെന്ന കീഴ്‌വഴക്കം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താന്‍ ലംഘിക്കില്ലെന്ന് യെച്ചൂരി പി.ബി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

പശ്ചിമബംഗാളില്‍ നിന്ന് യെച്ചൂരിയെ വീണ്ടും മത്സരിപ്പിച്ച് രാജ്യസഭയിലേക്ക് അയക്കണമെന്ന നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു പാര്‍ട്ടി ബംഗാള്‍ ഘടകം. എന്നാല്‍ പോളിറ്റ് ബ്യൂറോയും കേരളാഘടവും ഇതിനെ എതിര്‍ക്കുകയായിരുന്നു.

ബംഗാളില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് പിന്തുണയോടെയുള്ള വിജയം തെറ്റായ സന്ദേശം പ്രചരിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളാ ഘടകവും പോളിറ്റ് ബ്യൂറോയും ഇതിനെ എതിര്‍ക്കുന്നത്.

DONT MISS
Top