ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യുആര്‍ റാവു അന്തരിച്ചു

യുആര്‍ റാവു

ബംഗ്ലൂര്‍:ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഉടുപ്പി രാമചന്ദ്ര റാവു എന്ന യു ആര്‍ റാവു(85) അന്തരിച്ചു. വാര്‍ധക്യ സഹജ രോഗത്തെ തുടര്‍ന്ന് പുലര്‍ച്ചേ 3 മണിക്ക് ബംഗ്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. മരണത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

1984-94 കാലഘട്ടത്തിലാണ് അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായി സേവനം അനുഷ്ടിക്കുന്നത്. 1975ല്‍ ഇന്ത്യയുടെ ആദ്യ സാറ്റ്‌ലൈറ്റ് ആര്യഭട്ടയുടെ വിക്ഷേപണത്തില്‍ റാവു സുപ്രധാന പങ്കുവഹിച്ചിരുന്നു.

നിലവില്‍ അഹമ്മദാബാദിലെ ഗവണ്‍മെന്റ് കൗണ്‍സില്‍ ഓഫ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍ ആണ്. കൂടാതെ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലറായും പ്രവര്‍ത്തിക്കുകയായിരുന്നു.

1932ല്‍ കര്‍ണാടകയിലെ അദരുവില്‍ ജനിച്ച റാവു മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സ് ബിരുദവും, ബനാറസ് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോ. വിക്രം സാരാഭായിയുടെ ശിക്ഷണത്തില്‍ ഡോക്ടറേറ്റും നേടി.

കൂടാതെ ഇന്ത്യയുടെ ബഹിരാകാശ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിക്ഷേപണ വാഹനം പിഎസ്എല്‍വിയുടെ വികസനത്തിലും റാവുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. രാജ്യം 1976ല്‍ പത്മഭൂഷണും 2017ല്‍ പത്മ വിഭൂഷണം നല്‍കി ആദരിച്ചിരുന്നു.

DONT MISS
Top