പീഡനകേസ്: എം വിന്‍സെന്റ് എംഎല്‍എയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

എം വിന്‍സെന്റ്

തിരുവനന്തപുരം: പീഡന കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. അതേസമയം, എം വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്.

അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഈ മാസം 22 നാണ് വിന്‍സെന്റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്ത് നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കുകയായിരുന്നു.

എംഎല്‍എ തന്നെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ സഹോദരി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പരാതിക്കാരി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമായിരുന്നു സഹോദരിയുടെ പ്രതികരണം. നേരത്തെയും രണ്ട് പേര്‍ക്കെതിരെ ഇവര്‍ സമാനമായ പരാതി നല്‍കിയിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി വീട്ടമ്മ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിന്‍സെന്റിനെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുന്നത്.

പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വിന്‍സെന്റ് എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ കുറ്റവിമുക്തനാകും വരെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിന്‍സെന്റ് മാറി നില്‍ക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ആരോപിച്ചു. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top