എം വിന്‍സെന്റിനെ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എയ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ കുറ്റവിമുക്തനാകുന്നത് വരെ അദ്ദേം കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ള പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കും. കെപിസിസി അധ്യക്ഷന്‍ എംഎം ഹസനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യ മര്യാദ പരിഗണിച്ചാണ് പാര്‍ട്ടി നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഹസന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര എംഎല്‍എയും സിപിഐഎമ്മുമാണ് വിന്‍സെന്റിന് എതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ഹസന്‍ ആരോപിച്ചു.

വിന്‍സെന്റിന്റെ അറസ്റ്റ് തിടുക്കപ്പെട്ടായിരുന്നെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടനെ അറസ്റ്റ് ചെയ്യാന്‍ അഞ്ച് മാസം വേണ്ടി വന്നു. എന്നാല്‍ വിന്‍സെന്റിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തിരക്കിട്ടുള്ള അറസ്റ്റ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു.

എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട കാര്യമില്ല. കുറ്റക്കാരനെന്ന് കോടതി വിധിച്ചാല്‍ അപ്പോള്‍ പാര്‍ട്ടി രാജി ആവശ്യപ്പെടും. മുന്‍പും ആരോപണവിധേയര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ചരിത്രമില്ല. ഒരു സ്ത്രീയുടെ പരാതിയെ പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി ഉന്നതമായ ജനാധിപത്യ മാന്യത പരിഗണിച്ചാണ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഹസന്‍ പറഞ്ഞു.

പരാതിക്കാരിയായ സ്ത്രീ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് അവരുടെ സഹോദരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

DONT MISS
Top