എം വിന്‍സെന്റ് എംഎല്‍എ രാജിവെക്കണമെന്ന് ബിന്ദു കൃഷ്ണ; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

എം വിന്‍സെന്റ്

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ രാജിക്കായി കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ഉയരുന്നു. വിന്‍സെന്റ് രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ വിന്‍സെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം, എംഎല്‍എയുടെ അറസ്റ്റിന് തടസമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം വിന്‍സെന്റിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 3.15 വരെ നീണ്ടുനിന്നു. എംഎല്‍എയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്നായിരുന്നു സൂചന. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ അതില്‍ തീരുമാനം ഉണ്ടായ ശേഷമേ അറസ്റ്റിലേക്ക് കടക്കൂ എന്നാണ് സൂചന. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

ധാര്‍മികതയുടെ പേരില്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. വിന്‍സെന്റിന് എതിരെ മുതിര്‍ന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനും രംഗത്ത് എത്തിയിട്ടുണ്ട്. വിന്‍സെന്റിനെതിരെ നടപടി വേണമെന്നാണ് ഷാനി ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു.

എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ വിളികളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പൊലീസ് പറയുന്നത്. എംഎല്‍എ യുവതിയെ നിരവധി തവണ ഫോണ്‍ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 900 തവണയാണ് എംഎല്‍എ സ്വന്തം ഫോണില്‍ നിന്നും യുവതിയെ വിളിച്ചിരിക്കുന്നത്.

എംഎല്‍എ വീട്ടില്‍ കയറി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ കയറി രണ്ടുതവണ പീഡിപ്പിച്ചു. തുടര്‍ന്ന് കടയില്‍ വന്ന് തന്നെ കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

DONT MISS
Top