മെഡിക്കല്‍ കോളെജ് കോഴ: ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ കുമ്മനം രാജശേഖരന് രൂക്ഷവിമര്‍ശനം

കുമ്മനം രാജശേഖരന്‍ ( ഫയല്‍ ചിത്രം )

തിരുവനന്തപുരം: ബിജെപി കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു. മെഡിക്കല്‍ കോളെജ് കോഴയില്‍ പാര്‍ട്ടി ആടിയുലഞ്ഞ് നില്‍ക്കവെയാണ് യോഗം നടന്നത്. തന്നെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടവര്‍ പാര്‍ട്ടിയെ ഒന്നാകെയാണ് തകര്‍ത്തതെന്ന് ംടി രമേശ് യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മറ്റ് നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച നടപടിയാണ് കുമ്മനത്തിനെതിരായ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. യോഗത്തില്‍ കോഴയേക്കാള്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയാണ് ചര്‍ച്ച ആയിരിക്കുന്നത്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പിഎസ് ശ്രീധരന്‍ പിള്ളയാണ് വിമര്‍ശനം ഉയര്‍ത്തിയത്. നേതൃത്വത്തെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ തീരുമാനിച്ചത് ശരിയായില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും അന്വേഷണക്കമ്മീഷനെ നിയോഗിച്ചത് അഴിമതി നടന്നുവെന്ന് സ്ഥിരീകരിച്ചത് പോലെ ആയെന്നും അദ്ദേഹം പറഞ്ഞു.

അതീവ രഹസ്യമായിരുന്നതിനാലാണ് സംഭവം പുറത്തറിയിക്കാതിരുന്നതെന്ന് കുമ്മനം പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നത് കുമ്മനം രാജശേഖരന്റെ ഓഫീസില്‍ നിന്നാണെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആരോപിച്ചു. കുമ്മനം നിയോഗിച്ച കുമ്മനത്തിന്റെ ഓഫീസിലെ ജീവനക്കാരാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് പിന്നിലെന്ന് മുരളീധരന്‍ പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് ചിലര്‍ ചോര്‍ത്തിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കമ്മീഷന്‍ അംഗത്തില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയത് തിരുവനന്തപുരത്തെ സംസ്ഥാന സെക്രട്ടറിയാണ്. ഈ സെക്രട്ടറി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ തനിക്കെതിരെ വന്‍ഗൂഢാലോചന നടന്നെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. തന്നെ ലക്ഷ്യം വെച്ചവര്‍ പാര്‍ട്ടിയെ ഒന്നാകെയാണ് തകര്‍ത്തതെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഗൂഢാലോചനയെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു.

DONT MISS
Top