ലൈംഗികാരോപണം: എം വിന്‍സെന്റ് എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും

എം വിന്‍സെന്റ്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കടയിലെത്തിയ എംഎല്‍എ തന്നെ കടന്നുപിടിച്ചെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

എംഎല്‍എയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥയായ അജിതാ ബീഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ സ്പീക്കറുടെ ഓഫീസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം.

എംഎല്‍എയുടെ നിരന്തരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച യുവതി നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയെ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. യുവതിയുടെ വസ്ത്രങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ്, സഹോദരന്‍, മറ്റ് സാക്ഷികള്‍ എന്നിവരില്‍ നിന്ന് വീണ്ടും മൊഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എംഎല്‍എ യുവതിയുടെ സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിന് ശേഷം യുവതി തന്റെ സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഇതില്‍ എംഎല്‍എ തന്നെ വീട്ടില്‍ കയറി ചതിച്ചെന്ന് യുവതി വ്യക്തമാക്കുന്നുണ്ട്. എംഎല്‍എ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഇതില്‍ പറയുന്നുണ്ട്.

DONT MISS
Top