അപകീര്‍ത്തി പ്രചരണത്തിനും വധഭീഷണിക്കുമെതിരെ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി അയച്ചു

ദീപ നിശാന്ത്

തൃശൂര്‍: എസ്എഫ്‌ഐയെ അനുകൂലിക്കുകവഴി മത മൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിനിരയായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി അയച്ചു. ശ്രീകേരളവര്‍മ്മ കോളേജില്‍ എംഎഫ്ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചില തീവ്ര മതവാദികളുടെ ഫേസ് ബുക്ക് ഗ്രൂപ്പുകളും എബിവിപിയും ഹിന്ദു ഐക്യവേദി സംഘടനകളും ദീപ നിശാന്തിനെതിരെ രംഗത്ത് വന്നിരുന്നു.

എസ്എഫ്ഐ വച്ച ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത് എംഎഫ് ഹുസ്സൈന്റെ പ്രശസ്ത ചിത്രമാണെന്ന് കാണിച്ചായിരുന്നു ദീപ നിശാന്ത് രംഗത്തെത്തിയത്. പിന്നീട് അവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണമാണ് ഏവരും കണ്ടത്. വധിക്കുമെന്നുള്ള ഭീഷണികളും ആക്രമണ ആഹ്വാനങ്ങളുമായി സൈബര്‍ ക്രിമിനലുകള്‍ കളം നിറഞ്ഞു. അതിനുശേഷം ദീപയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ചില മത മൗലിക വാദികള്‍ ആഹ്വാനം ചെയ്തു.

ദീപയുടെ തല ഏതോ മോഡലിന്റ ഉടലിനോട് മോര്‍ഫ് ചെയ്ത് ചേര്‍ത്ത് സ്ഥിരം ഫോട്ടോഷോപ്പ് പ്രചരണവുമായി ചിലര്‍ രംഗത്തെത്തി. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയിലും നിലപാട് തിരുത്താതെ ദീപാ നിശാന്ത് ധൈര്യപൂര്‍വം നിലകൊണ്ടു. നിയമപരമായി നീങ്ങുമെന്ന് അവര്‍ നേരത്തെ പറയുകയും ചെയ്തിരുന്നു. കാര്യങ്ങളെല്ലാം വിശദമായി കാണിച്ചാണ് ദിപാ നിശാന്ത് പരാതി നല്‍കിയിരിക്കുന്നത്. പ്രചരിക്കുന്ന ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകളുമെല്ലാം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top