വനിതാ ലോകകപ്പ് ക്രിക്കറ്റ്: ആവേശകരമായ സെമിയില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇംഗ്ലണ്ട് ഫൈനലില്‍

ബ്രിസ്‌റ്റോള്‍: ആതിഥേയരായ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് മറികടന്നാണ് ഇംഗ്ലണ്ട് ഏഴാംവണയും കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

സ്‌കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറിന് 218 ഇംഗ്ലണ്ട് 49.4 ഓവറില്‍ എട്ടിന് 221. 54 റണ്‍സെടുത്ത് ഇംഗ്ലണ്ട് വിജയം സാധ്യമാക്കിയ സാറാ ടെയ്‌ലറാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ലാറ വോള്‍വാര്‍ട്ട് (100 പന്തില്‍ 66), മധ്യനിരതാരം മിഗ്നൊന്‍ ഡു പ്രിസ് (95 പന്തില്‍ 76) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ പിന്‍ബലത്തിലാണ് 218 എന്ന സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും അത് മുതലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ അഞ്ചിന് 145 എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ വാലറ്റത്ത് ഫ്രാന്‍ വില്‍സണും ജെന്നി ഗണും പൊരുതിയതോടെ വിജയം അവരുടെ വഴിക്ക് വന്നു.

DONT MISS
Top